21 Dec 2023 1:29 PM GMT
Summary
- ജോയ് ഇ-ബൈക്ക് ബ്രാൻഡിന് കീഴിലുള്ള ഇന്ത്യൻ ഇവി നിർമാതാക്കളാണ് വാർഡ്‌വിസാർഡ്
- ഷാർജ സർക്കാരിന്റെ സഹ ഉടമസ്ഥതയിലുള്ളതാണ് ബീഹാ ഗ്രൂപ്പ്
കൊച്ചി: ജോയ് ഇ-ബൈക്ക് ബ്രാൻഡിന് കീഴിലുള്ള പ്രമുഖ ഇന്ത്യൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ വാർഡ്‌വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡ് (ഡബ്ല്യുഐഎംഎൽ), ബീഹാ ഗ്രൂപ്പുമായി (ബിജി) ധാരണാപത്രം ഒപ്പുവച്ചു.
യുഎഇയിലെ ഷാർജ സർക്കാരിന്റെ സഹ ഉടമസ്ഥതയിലുള്ള ബീഹാ ഗ്രൂപ്പ് സുസ്ഥിര മാലിന്യ സംസ്‌കരണത്തിൽ ആഗോളതലത്തിൽ പ്രശസ്തരാണ്. ജിസിസി, ആഫ്രിക്കൻ രാജ്യങ്ങളിലുടനീളം വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പാരിസ്ഥിതിക പുരോഗതിക്ക് സംഭാവന നൽകാനുമാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്.
ദുബായിൽ നടന്ന ചടങ്ങിൽ ബീഹാ ഗ്രൂപ്പിന്റെ വൈസ് ചെയർമാനും ഗ്രൂപ്പ് സിഇഒയുമായ ഖാലിദ് അൽ ഹുറൈമലും, വാർഡ്‌വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ യതിൻ സഞ്ജയ് ഗുപ്‌തെയും ചേർന്ന് ധാരണാപത്രം ഒപ്പുവച്ചു. ഈ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി, യുഎഇയിൽ ചെറുതും വലുതുമായ ഇരുചക്രവാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രക്കുകൾ എന്നിവയുടെ ഉൽപ്പാദനത്തിനായി ഡബ്ല്യുഐഎംഎലും ബീഹാ ഗ്രൂപ്പും സാങ്കേതികവും വാണിജ്യപരവുമായ സാധ്യതാ പഠനങ്ങൾ നടത്തും. പുനരുപയോഗിക്കാവുന്ന ഊർജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സാങ്കേതികവിദ്യയും മറ്റ് സഹായങ്ങളും ഡബ്ല്യുഐഎംഎലിന് ബീഹാ ഗ്രൂപ്പ് ധാരണാപത്രത്തിന്റെ ഭാഗമായി കൈമാറും. ജിസിസി, ആഫ്രിക്കൻ രാജ്യങ്ങളിലെ ബീഹാ ഗ്രൂപ്പിന്റെ ശൃംഖല ആ പ്രദേശങ്ങളിലെ വാർഡ്‌വിസാർഡിന്റെ വിൽപന പ്രോത്സാഹിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്തുകയും ചെയ്യും.
ഇന്ത്യയിലെ ഒരു ഉത്തരവാദിത്തമുള്ള കോർപ്പറേഷൻ എന്ന നിലയിലും ഇലക്ട്രിക് വാഹനങ്ങളുടെ ഒരു പ്രധാന പ്രൊമോട്ടർ എന്ന നിലയിലും ഇലക്ട്രിക് വാഹനങ്ങൾ ലോകമെമ്പാടും വിപുലീകരിക്കുകയും, എല്ലാവർക്കും പ്രാപ്യമാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് വാർഡ്‌വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ യതിൻ സഞ്ജയ് ഗുപ്‌തെ പറഞ്ഞു. മെച്ചപ്പെട്ട പാരിസ്ഥിതിക സമ്പ്രദായങ്ങളും സുസ്ഥിരമായ മാലിന്യ സംസ്‌കരണവും പ്രോത്സാഹിപ്പിക്കുന്നതിന് ഈ പങ്കാളിത്തം ഞങ്ങളെ സഹായിക്കും. ബീഹാ ഗ്രൂപ്പുമായുള്ള ഞങ്ങളുടെ വിജയകരമായ യാത്രയിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുത വാഹനങ്ങളുടെ പ്രമോട്ടർമാരിൽ ഒന്നായ വാർഡ്‌വിസാർഡുമായി ഞങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബീഹാ ഗ്രൂപ്പിന്റെ വൈസ് ചെയർമാനും ഗ്രൂപ്പ് സിഇഒയുമായ ഖാലിദ് അൽ ഹുറൈമൽ പറഞ്ഞു.