image

16 Jun 2023 10:26 AM GMT

Middle East

ദുബായിലെ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ്: സമയപരിധി ഒക്ടോബര്‍ ഒന്നുവരെ നീട്ടി

MyFin Desk

job loss insurance in dubai
X

Summary

  • ചേരാത്തവര്‍ക്ക് 400 ദിര്‍ഹം പിഴ
  • ഇന്‍ഷുറന്‍സ് സ്‌കീം നടപ്പാക്കുന്നത് രണ്ടു വിഭാഗങ്ങളിലായി
  • ഒന്‍പത് ഇന്‍ഷുറന്‍സ് കമ്പനികളുമായി ധാരണയിൽ


തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനുള്ള സമയപരിധി യുഎഇ നീട്ടി. ഒക്ടോബര്‍ ഒന്നുവരെ നീട്ടിയാണ് അധികൃതര്‍ ഉത്തരവിട്ടത്. നിലവില്‍ ജൂണ്‍ 30 വരെ ആയിരുന്നു സമയപരിധി. ഒക്ടോബര്‍ ഒന്നിന് ശേഷവും നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാത്തവരില്‍ നിന്ന് 400 ദിര്‍ഹം വീതം പിഴ വരും.

യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും തൊഴില്‍ നഷ്ട ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണ്. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒരുപോലെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇന്‍ഷുറന്‍സ് സ്‌കീം നടപ്പാക്കുന്നത്.

അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ കുറവോ ഉള്ളവരാണ് ആദ്യത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇവര്‍ ഒരു മാസം അഞ്ച് ദിര്‍ഹം വീതം പ്രതിവര്‍ഷം 60 ദിര്‍ഹം ഇന്‍ഷുറന്‍സ് പ്രീമിയമായി അടക്കണം.

അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ളവരാണ് രണ്ടാം വിഭാഗം. ഇവര്‍ മാസം 10 ദിര്‍ഹം വെച്ച് വര്‍ഷത്തില്‍ 120 ദിര്‍ഹം പ്രീമിയം അടയ്ക്കണം.

വാര്‍ഷിക അടിസ്ഥാനത്തിലോ ആറ് മാസത്തിലൊരിക്കലോ മൂന്ന് മാസത്തിലൊരിക്കലോ അതുമല്ലെങ്കില്‍ ഓരോ മാസത്തിലുമോ പ്രീമിയം അടയ്ക്കാം. ഇന്‍ഷുറന്‍സ് പോളിസിക്ക് മൂല്യവര്‍ധിത നികുതി ബാധകമാണ്. പ്രീമിയം തുക ഓരോ ജീവനക്കാരനും സ്വന്തം നിലയ്ക്ക് അടക്കണം. സ്ഥാപനത്തിന് ഇതില്‍ ബാധ്യതയില്ല. രാജ്യത്തെ ഒന്‍പത് ഇന്‍ഷുറന്‍സ് കമ്പനികള്‍ പദ്ധതിക്കായി മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ധാരണയിലെത്തിയിട്ടുണ്ട്.

തൊഴിലാളികള്‍ക്ക് അവരുടെ കാരണത്തിലല്ലാതെ ജോലി നഷ്ടമായാല്‍ ശമ്പളത്തിന്റെ 60 ശതമാനം വരെ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഒന്നാമത്തെ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് പരമാവധി 10,000 ദിര്‍ഹവും രണ്ടാമത്തെ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് പരമാവധി 20,000 ദിര്‍ഹവും ആയിരിക്കും ജോലി നഷ്ടമായാല്‍ ലഭിക്കുക.

ജോലി നഷ്ടമായാല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രത്യേക വെബ്‌സൈറ്റ്, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍, കോള്‍ സെന്റര്‍ എന്നിവയിലൂടെ അപേക്ഷ നല്‍കാം. ജോലി നഷ്ടമായ ദിവസം മുതല്‍ 30 ദിവസത്തിനകം അപേക്ഷ നല്‍കിയിരിക്കണം. അപേക്ഷ ലഭിച്ചാല്‍ രണ്ടാഴ്ചയ്ക്കകം പണം ലഭിക്കും. പരമാവധി മൂന്ന് മാസം വരെയായിരിക്കും ഒരു തവണ ഇങ്ങനെ പണം ലഭിക്കുക.

ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവുകയും അതിന് ശേഷം തുടര്‍ച്ചയായി ഒരു വര്‍ഷം (12 മാസമെങ്കിലും) ജോലി ചെയ്യണം മറ്റൊരു ജോലിയില്‍ പ്രവേശിച്ചാലോ അല്ലെങ്കില്‍ രാജ്യം വിട്ടുപോയാലോ പദ്ധതിയിലൂടെയുള്ള തുക ലഭിക്കില്ല. അച്ചടക്ക നടപടികളുടെ ഭാഗമായി പുറത്താക്കപ്പെട്ടവര്‍ക്കും ഇന്‍ഷുറന്‍സ് തുക ലഭിക്കില്ല.