image

19 April 2024 8:55 AM GMT

Middle East

യുഎഇ ടൂറിസം മേഖല കുതിപ്പില്‍;ഈ വര്‍ഷം 23,600 പുതിയ തൊഴിലവസരങ്ങള്‍

MyFin Desk

യുഎഇ ടൂറിസം മേഖല കുതിപ്പില്‍;ഈ വര്‍ഷം 23,600 പുതിയ തൊഴിലവസരങ്ങള്‍
X

Summary

  • പുതിയ തൊഴിലാളികള്‍ കൂടി വരുന്നതോടെ ആകെ തൊഴിലാളികളുടെ എണ്ണം 833,000 എത്തും
  • 10 വര്‍ഷത്തിനുള്ളില്‍, ട്രാവല്‍, ടൂറിസം മേഖലയില്‍ ഒരു ദശലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഉണ്ടാകും
  • അന്താരാഷ്ട്ര സന്ദര്‍ശക ചെലവ് ഏകദേശം 10 ശതമാനം വര്‍ധിച്ച് 192 ബില്യണ്‍ ദിര്‍ഹത്തിലെത്തും


യുഎഇയുടെ വിനോദ സഞ്ചാര മേഖല വളര്‍ച്ചപ്രാപിക്കുന്നതോടെ തൊഴിലവസരങ്ങളും വര്‍ദ്ധിക്കുന്നു. ഈ വര്‍ഷം 23,600 പുതിയ തൊഴിലവസരങ്ങള്‍ ഈ മേഖലയിലണ്ടാകുമെന്ന് വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സില്‍ അറിയിച്ചു. പുതിയ തൊഴിലാളികള്‍ കൂടി വരുന്നതോടെ ആകെ തൊഴിലാളികളുടെ എണ്ണം 833,000 എത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ 41,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതിലൂടെ ആകെ തൊഴിലാളികളുടെ എണ്ണം 809,000 എത്തിയിരുന്നു.

കോവിഡ് കാലത്തിനുശേഷം ട്രാവല്‍ ആന്റ് ടൂറിസം മേഖലയുടെ വളര്‍ച്ച 2022 ല്‍ പൂര്‍ണമായി വീണ്ടെടുക്കാനായെങ്കിലും മേഖലയിലെ ജോലികള്‍ വീണ്ടും ഉയര്‍ന്നതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 10 വര്‍ഷത്തിനുള്ളില്‍, ട്രാവല്‍, ടൂറിസം മേഖലയില്‍ ഒരു ദശലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഉണ്ടാകും. ഇത് 275 ബില്യണ്‍ ദിര്‍ഹം മൂല്യമുള്ളതായിരിക്കും. ഇവയില്‍ ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലെ ജോലികള്‍ കൂടാതെ വ്യോമയാനം, ട്രാവല്‍ ഏജന്റുമാര്‍, ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റുമാര്‍ എന്നിവയും ഉള്‍പ്പെടുന്നു. 2024ല്‍ ഈ മേഖലയുടെ വളര്‍ച്ച തുടരുമെന്നും ജിഡിപി 236 ബില്യണ്‍ ദിര്‍ഹത്തിലധികമാണെന്നും ആഗോള ടൂറിസം ബോഡിയായ ഡബ്ലുടിസിസി പ്രവചിക്കുന്നു.

അന്താരാഷ്ട്ര സന്ദര്‍ശക ചെലവ് ഏകദേശം 10 ശതമാനം വര്‍ധിച്ച് 192 ബില്യണ്‍ ദിര്‍ഹത്തിലെത്തുമെന്നും ആഭ്യന്തര സന്ദര്‍ശക ചെലവ് 4.3 ശതമാനം വര്‍ധിച്ച് 58 ബില്യണ്‍ ദിര്‍ഹത്തിലെത്തുമെന്നും പ്രവചിക്കപ്പെടുന്നു. ഈ മേഖലയുടെ ജിഡിപി സംഭാവന, ജോലികള്‍, സന്ദര്‍ശക ചെലവ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന അളവുകോലുകളിലുടനീളം പുതിയ റെക്കോര്‍ഡുകളാണ് നേടിയത്. കഴിഞ്ഞ വര്‍ഷം, മൊത്തം സമ്പദ്വ്യവസ്ഥയുടെ 11.7 ശതമാനത്തെ പ്രതിനിധീകരിക്കുന്ന യുഎഇയുടെ ജിഡിപിയിലേക്ക് റെക്കോര്‍ഡ് ബ്രേക്കിംഗ് 220 ബില്യണ്‍ ദിര്‍ഹം സംഭാവന ചെയ്യാന്‍ സാധിച്ചു. ഇത് 2029 ല്‍ സ്ഥാപിച്ച മുന്‍കാല റെക്കോര്‍ഡ് ബ്രേക്ക് ചെയ്തു.

2022-ല്‍ ആഭ്യന്തര സന്ദര്‍ശകരുടെ ചെലവ് പൂര്‍ണ്ണമായി വീണ്ടെടുത്തുവെന്ന് ഡബ്ല്യുടിടിസിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം അത് 55.5 ബില്യണ്‍ ദിര്‍ഹത്തില്‍ കൂടുതലായി വളര്‍ന്നു. 2019 നെ അപേക്ഷിച്ച് 40 ശതമാനം കൂടുതലാണ്. മാത്രമല്ല, അന്തര്‍ദേശീയ സന്ദര്‍ശകരുടെ ചെലവ് 2023 ല്‍ ഏകദേശം 40 ശതമാനം ഉയര്‍ന്ന് 175 ബില്യണ്‍ ദിര്‍ഹത്തില്‍ എത്തി, 2019 ലെ നിലവാരത്തേക്കാള്‍ 12 ശതമാനം കൂടുതലാണിത്.