19 March 2024 9:49 AM GMT
Summary
- ലോകമെമ്പാടുമുള്ള നിരാലംബരായ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണകങ്ങൾ
- ഡിജിറ്റൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇലക്ട്രോണിക് മാലിന്യം കുറയ്ക്കും
- 32,000 ൽ അധികം ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ ഈ ക്യാമ്പെയ്‌ൻ വഴി ശേഖരിച്ചു
യു എ യിലെ മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവുകളിലൊന്നായ ഡിജിറ്റൽ സ്കൂൾ, എമിറേറ്റ്സ് റെഡ് ക്രസൻ്റുമായി (ഇആർസി) സഹകരിച്ച് ഡോണെറ്റ് ടു എഡ്യൂക്കേറ്റ് എന്ന പ്രമേയത്തിൽ നടത്തിയ "ഡോണെറ്റ് യുവർ ഓവൺ ഡിവൈസ് "ക്യാമ്പെയ്‌ൻ വൻ വിജയമാണെന്ന് റിപ്പോർട്ട്. " 32,000 ൽ അധികം ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ ഈ ക്യാമ്പെയ്‌ൻ വഴി ശേഖരിച്ചു. ഈ ഉപകരണങ്ങൾ റീസൈക്കിൾ ചെയ്ത് ലോകമെമ്പാടുമുള്ള നിരാലംബരായ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസത്തിന് നൽകാനാണ് ലക്ഷ്യമിടുന്നത്.
ഡിജിറ്റൽ ഉപകരണകളുടെ പുനരുപയോഗത്തിലൂടെ പരിസ്ഥിതി സംരക്ഷിക്കുന്നതിലും, ലോകമെമ്പാടുമുള്ള പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിലും യുഎഇ വഹിക്കുന്ന പങ്ക് ഇത് പ്രതിഫലിപ്പിക്കുന്നു.
ഇലക്ട്രോണിക് മാലിന്യം കുറയ്ക്കുന്നതിനൊപ്പം ഡിജിറ്റൽ വിദ്യാഭ്യാസം
സംഭരിച്ച ഇലക്ട്രോണിക് ഉപകരണങ്ങളിൽ 36 ശതമാനം കമ്പ്യൂട്ടറുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് ഫോണുകൾ എന്നിവയും 30 ശതമാനം സ്‌ക്രീനുകൾ, പ്രിന്ററുകൾ, പ്രൊജക്ടറുകൾ തുടങ്ങിയ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും 34 ശതമാനം ഇലക്ട്രോണിക് ഉപകരണങ്ങളുടെ ആക്‌സസറികളും ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള ഡിജിറ്റൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസത്തിന് ഇവ ഉപയോഗിക്കാം. ഡിജിറ്റൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇലക്ട്രോണിക് മാലിന്യം കുറയ്ക്കുന്നതിനും ക്യാമ്പയിൻ സഹായിക്കുന്നു.
ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് പ്രയോജനം
"ഡോണെറ്റ് യുവർ ഓവൺ ഡിവൈസ് " ക്യാമ്പെയ്‌ൻ വിദ്യാഭ്യാസത്തിനും സുസ്ഥിരതയ്ക്കുമുള്ള ഒരു നൂതന പങ്കാളിത്തമാണെന്ന് ദി ഡിജിറ്റൽ സ്കൂൾ സെക്രട്ടറി ജനറലായ ഡോ. വാലിദ് അൽ അലി പറഞ്ഞു. ഡിജിറ്റൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ മറികടക്കുന്നതിനുള്ള ഒരു ആഗോള മാതൃകയായി ഈ ക്യാമ്പെയ്‌ൻ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡൊണേറ്റ് യുവർ ഓൺ ഡിവൈസ് പദ്ധതിയിൽ 85 ലധികം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സമൂഹം അംഗങ്ങൾ എന്നിവരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിൽ ദുബായ് പോലീസ്, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജ (എയുജെ), യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി (യുഎഇയു), ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ), ഡിജിറ്റൽ ദുബായ്, എമിറേറ്റ്സ് എയർലൈൻസ്, ആരോഗ്യ-പ്രതിരോധ മന്ത്രാലയം, ദുബായ് വേൾഡ്, എത്തിഹാദ് വാട്ടർ ആന്റ് ഇലക്ട്രിസിറ്റി, ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി (സിഡിഎ), ദുബായ് കസ്റ്റംസ്, മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം നോളജ് ഫൗണ്ടേഷൻ, ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി, ദുബായ് കൾച്ചർ, മസ്ദർ, എമിറേറ്റ്സ് എൻബിഡി, ദുബായ് മുനിസിപ്പാലിറ്റി എന്നിവർ ഉൾപ്പെടുന്നു.
ക്യാമ്പെയ്‌നിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് "ഇ-സൈക്ലെക്‌സ്", "റിലൂപ്പ്" എന്നിവയിൽ നിന്ന് സുസ്ഥിരതയിലും പുനരുപയോഗത്തിലും ഗ്രീൻ കോൺട്രിബ്യൂഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.
ക്യാമ്പെയ്‌ൻ തുടരുന്നു
കൂടുതൽ ഗുണഭോക്താക്കൾക്ക് ഡിജിറ്റൽ സ്കൂൾ നൽകുന്ന നൂതന പഠന പരിഹാരങ്ങളിൽ നിന്ന് പ്രയോജനം ലഭിക്കുന്നതിന് സംഭാവനകളും ദാനങ്ങളും തുടർന്നും സ്വീകരിക്കുന്നതിനായി "ഡോണെറ്റ് യുവർ ഓവൺ ഡിവൈസ്" ക്യാമ്പെയ്‌ൻ യു എ ഇ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപിച്ചു.