27 May 2024 12:56 PM GMT
യുഎഇ ടൂറിസം മേഖല കുതിക്കുന്നു;പുതിയ നിക്ഷേപം ആകര്‍ഷിക്കാന്‍ പദ്ധതികള്‍;പ്രവാസികള്‍ക്ക് വന്‍ തൊഴിലവസരം
MyFin Desk
Summary
- 2023 ല്‍ യുഎഇയില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്ക് ടൂറിസം മേഖലയുടെ സംഭാവന 220 ദശലക്ഷം ദിര്‍ഹം
- ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പിലാക്കുന്നതോടെ രാജ്യത്തെ ടൂറിസം മേഖല കൂടുതല്‍ കരുത്താര്‍ജിക്കും
- 2024 ല്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് 8,33,000 തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ
യുഎഇ ടൂറിസം മേഖല 2031 ഓടെ 100 ദശലക്ഷം ദിര്‍ഹം പുതിയ നിക്ഷേപം ആകര്‍ഷിക്കാനും 40 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്യാനും പദ്ധതിയിടുന്നു. 2023 ല്‍ യുഎഇയില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്ക് ടൂറിസം മേഖല 220 ദശലക്ഷം ദിര്‍ഹം സംഭാവന ചെയ്തു. ഇത് മൊത്തത്തിലുള്ള സമ്പദ് വ്യവസ്ഥയുടെ 11.7 ശതമാനമാണെന്ന് ഷാര്‍ജ കൊമേഴ്സ് ആന്റ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ ഖാലിദ് അല്‍ മിദ്ഫ പറഞ്ഞു. ഈ മുന്നേറ്റ പ്രവണത ഈ വര്‍ഷവും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മേഖല 236 ദശലക്ഷം ദിര്‍ഹത്തിലെത്തുമെന്നാണ് സൂചന. 2031 ഓടെ രാജ്യത്തെ ജിഡിപിയില്‍ ഈ മേഖലയുടെ സംഭാവന 450 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ത്താനാണ് യുഎഇ ടൂറിസം സ്ട്രാറ്റജി ശ്രമിക്കുന്നതെന്ന് മസ്‌കറ്റില്‍ നടന്ന യുഎന്‍ ടൂറിസം അമ്പതാമത് റീജിയണല്‍ കമ്മീഷന്‍ മീറ്റിംഗില്‍ യുഎഇ പ്രതിനിധി സംഘത്തെ നയിച്ച അല്‍ മിദ്ഫ പറഞ്ഞു.
ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പിലാക്കുന്നതോടെ രാജ്യത്തെ ടൂറിസം മേഖല കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന് മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2024 ല്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് 8,33,000 തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ അതിഥികളെ സ്വാഗതം ചെയ്യുന്നതിന് 1,235 ഹോട്ടലുകളിലായി 2,10,000 ഹോട്ടല്‍ മുറികളാണുള്ളത്. തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കും വന്‍ തൊഴില്‍ സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ 5.18 ദശലക്ഷം അന്താരാഷ്ട്ര സന്ദര്‍ശകരാണ് ദുബായിലെത്തിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയെത്തിയ യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവ് സൂചിപ്പിക്കുന്നത് രാജ്യത്തെ ടൂറിസം മേഖലയുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്റാണ്. തുടര്‍ന്നും ഈ മേഖല വന്‍കുതിപ്പിലേക്ക് പോകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.