13 March 2024 11:11 AM GMT
Summary
- 2023 ൽ ഇന്ത്യൻ ഉടമസ്ഥതയിലുള്ള 15,481 പുതിയ കമ്പനികൾ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ അംഗമായി
- സി ഇ പി എ ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ ബന്ധത്തെ എടുത്ത് കാണിക്കുന്നു
യുണൈറ്റഡ് അറബ് എമിറേറ്റ്സ് നിക്ഷേപകരുടെ ഇഷ്ടകേന്ദ്രമായി വളരുകയാണ്. 2023 ൽ ഇന്ത്യൻ ഉടമസ്ഥതയിലുള്ള 15,481 പുതിയ കമ്പനികൾ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ അംഗമായി ചേർന്നു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 38% വർധനവാണ്. ഇതോടൊപ്പം ഇന്ത്യൻ നിക്ഷേപകർക്കിടയിൽ ദുബായ് കൂടുതൽ ആകർഷകമായി മാറുന്നു.
ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സി ഇ പി എ ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ ബന്ധത്തെ എടുത്ത് കാണിക്കുന്നു. 2022 ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
സി ഇ പി എ നടപടിക്രമങ്ങൾ ലളിതമാക്കുകയും ചുങ്കം കുറയ്ക്കുകയും ഇരു രാജ്യങ്ങളിലെയും വ്യവസായങ്ങൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. കരാറിൽ ഒപ്പുവെച്ചതു മുതൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള ഇതര-എണ്ണ വ്യാപാരം 50 ബില്യൺ ഡോളറിന് മുകളിൽ കുതിച്ചുയർന്നു. ഈ ദശകത്തിന്റെ അവസാനത്തോടെ ഇത് 100 ബില്യൺ ഡോളറിലേക്ക് എത്തിക്കാനാണ് ലക്ഷ്യം.
ഏറ്റവും കൂടുതൽ നിക്ഷേപം ഏതൊക്കെ മേഖലകളിൽ?
ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ അംഗമായ പുതിയ കമ്പനികളിൽ ഭൂരിഭാഗവും വ്യാപാരം, ചില്ലറ വിൽപ്പന, മോട്ടോർ വാഹനങ്ങൾ എന്നീ മേഖലകളിലാണ് പ്രവർത്തനം. ഇത് പുതിയ അംഗങ്ങളിൽ 44.2% വരും.
സി ഇ പി എ കരാറിനൊപ്പം റെക്കോഡ് സംഖ്യയിലുള്ള ഇന്ത്യൻ കമ്പനികൾ ദുബായ് ചേംബറിൽ ചേരുന്നതോടെ ഇന്ത്യ-യുഎഇ സാമ്പത്തിക സഹകരണത്തിന് തിളക്കമേറിയ ഭാവി തന്നെയാണ് പ്രതീക്ഷിക്കുന്നത്.