21 Jun 2023 1:30 PM GMT
Summary
- 7.31 ശതമാനം വാര്‍ഷിക വർദ്ധനവ് രേഖപ്പെടുത്തി
- ഇസ്ലാമിക് ബാങ്കുകളുടെ മൊത്തം നിക്ഷേപം 111.5 ബില്യണ്‍ ദിർഹം
2023 മാര്‍ച്ച് അവസാനത്തോടെ യുഎഇ ഇസ്ലാമിക് ബാങ്കുകളുടെ ആസ്തി 650 ബില്യണ്‍ ദിര്‍ഹമായെന്ന് റിപ്പോര്‍ട്ട്. യുഎഇയില്‍ നിലവിലുള്ള ഇസ്ലാമിക് വ്യക്തി നിയമം (ശരിഅ) അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ മൊത്ത ആസ്തി ഈ സാമ്പത്തിക അവസാനത്തോടെ 650 ബില്യണ്‍ ദിര്‍ഹമായി വര്‍ധിച്ചുവെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തത്. 7.31 ശതമാനം വാര്‍ഷിക വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ) അറിയിച്ചു.
2023 മാര്‍ച്ച് അവസാനത്തോടെ ഇസ്ലാമിക് ബാങ്കുകളുടെ വായ്പ 400.2 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നിട്ടുണ്ട്. 2022 മാര്‍ച്ചിലെ ഏകദേശം 390.4 ബില്യണ്‍ ദിര്‍ഹവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2.51 ശതമാനം വാര്‍ഷിക വളര്‍ച്ചയും പ്രതിമാസ വര്‍ധനയുമാണ് ഇത് കാണിക്കുന്നത്. ഇസ്ലാമിക് ബാങ്കുകളിലെ ഡെപ്പോസിറ്റ് 2022 മാര്‍ച്ചിലെ 427 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്ന് 6.2 ശതമാനം വാര്‍ഷിക വര്‍ധനയോടെ 2023 മാര്‍ച്ചില്‍ 453.4 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നിരിക്കുകയാണ്.
2022 മാര്‍ച്ച് അവസാനത്തോടെ ഇസ്ലാമിക് ബാങ്കുകള്‍ നടത്തിയിട്ടുള്ള മൊത്തം നിക്ഷേപം 111.5 ബില്യണ്‍ ദിര്‍ഹമാണെന്നും സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു
അതിനിടെ യുഎഇ ആസ്ഥാനമായുള്ള പരമ്പരാഗത ബാങ്കുകളുടെ ആകെ ആസ്തി 3.115 ട്രില്യണ്‍ ദിര്‍ഹം ആയി ഉയര്‍ന്നിട്ടുണ്ട്. 2022 മാര്‍ച്ചിലെ 2.73 ട്രില്യണ്‍ ദിര്‍ഹത്തില്‍ നിന്നും 14.1% വര്‍ധനവാണ് ഇത് സൂചിപ്പിക്കുന്നത്. 2023 മാര്‍ച്ച് അവസാനത്തോടെ യുഎഇയുടെ ബാങ്കിംഗ് മേഖലയുടെ മൊത്തം ആസ്തി 3.765 ട്രില്യണ്‍ ദിര്‍ഹമാണ്.