image

30 May 2023 12:03 PM GMT

Middle East

യുഎഇ-ഇന്ത്യ പങ്കാളിത്ത വ്യാപാര കരാര്‍ വിപ്ലവകരം: മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി

MyFin Desk

uae-india partnership trade agreementuae-india partnership trade agreement
X

Summary

  • യുഎഇ സമ്പദ്വ്യവസ്ഥ 7.6 ശതമാനം വളര്‍ന്നു
  • 2022 ഫെബ്രുവരിയിൽ ഇരു രാജ്യങ്ങളും തമ്മില്‍ സി.ഇ.പി.എ
  • വിവിധ മേഖലകളിൽ മെച്ചപ്പെട്ട ബന്ധം


3.8 ബില്യണിലധികം ആളുകള്‍ക്ക് വ്യാപാര, നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് യുഎഇ-ഇന്ത്യ പങ്കാളിത്ത വ്യാപാര കരാറെന്ന് യുഎഇ ധനകാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ഷിക കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) കോണ്‍ഫറന്‍സ് 2023 ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സാമ്പത്തിക മേഖലകളിലെ വിപുലീകരണത്തിനും നിക്ഷേപത്തിനുമുള്ള സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യ, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍, നവീകരണം, ഹരിത ഊര്‍ജം, ആരോഗ്യ സംരക്ഷണം, ആശയവിനിമയം, ലോജിസ്റ്റിക്‌സ്, ഗതാഗതം, മാലിന്യ സംസ്‌കരണം, ബഹിരാകാശ സാങ്കേതികവിദ്യ എന്നീ മേഖലകളിലെല്ലാ ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാന്‍ യുഎഇക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പോയവര്‍ഷം ഇരു രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥകളുടെ അവസ്ഥ നോക്കിയാല്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക വളര്‍ച്ചയുടെ സവിശേഷതയാണ് കാണിച്ചത്.

കഴിഞ്ഞ വര്‍ഷം യുഎഇ സമ്പദ്വ്യവസ്ഥ 7.6 ശതമാനം വളര്‍ന്നു, ലോകബാങ്കിന്റെ കണക്കനുസരിച്ച്, 2022-2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ജിഡിപി 7.7 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. 2025ഓടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ജിഡിപി 5 ട്രില്യണ്‍ യു.എസ് ഡോളറായി ഉയര്‍ത്താനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കാന്‍ യുഎഇ താല്‍പ്പര്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്തല്‍, ആഗോള വ്യാപാരത്തിലെ ഏറ്റവും പുതിയ സാമ്പത്തിക നയങ്ങളും അതിന്റെ ഭാവി മെച്ചപ്പെടുത്തുന്നതില്‍ പ്രാദേശിക, വ്യാപാര കരാറുകളുടെ പ്രാധാന്യവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. ഇറക്കുമതിക്കാര്‍ക്കും കയറ്റുമതിക്കാര്‍ക്കും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത് സുഗമമാക്കാനുമുള്ള മാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ചയായി. സെഷനില്‍ സിഐഐ പ്രസിഡന്റ് സഞ്ജീവ് ബജാജ്, ഡയറക്ടര്‍ ജനറല്‍ ചന്ദ്രഗിത് ബാനര്‍ജി, കൂടാതെ നിരവധി യുഎഇ, ഇന്ത്യന്‍ കമ്പനികള്‍, ആഗോള നിക്ഷേപകര്‍, വ്യവസായികള്‍ എന്നിവരും പങ്കെടുത്തു.

2022 ഫെബ്രുവരിയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ സി.ഇ.പി.എ ഒപ്പുവച്ചത്. യുഎഇ, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ 80 ശതമാനത്തിലധികം കസ്റ്റംസ് താരിഫ് നിര്‍ത്തലാക്കിയത് ഇതിന്റെ ഭാഗമായിരുന്നു.ഡിജിറ്റല്‍ വ്യാപാരം, ബൗദ്ധിക സ്വത്തവകാശം എന്നിവയുള്‍പ്പെടെ 11 പ്രധാന മേഖലകളിലെയും 100ലധികം ഉപമേഖലകളിലെയും വിപണികളിലേക്കുള്ള വികാസമാണ് ഇതിലൂടെ ഉണ്ടായത്.