image

3 April 2024 8:17 AM GMT

Middle East

യുഎഇ ബാങ്കുകളുടെ ആസ്തിയും ഗ്യാരന്റിയും 0.8 % വര്‍ദ്ധിച്ചു

MyFin Desk

Assets of UAE banks increased
X

Summary

  • ആകെ വായ്പ 2024 ജനുവരി അവസാനത്തോടെ 1.996 ട്രില്യണ്‍ ദിര്‍ഹമായി
  • ആഭ്യന്തര വായ്പയില്‍ 0.01 ശതമാനം കുറവുണ്ടായത് മറികടന്ന് വിദേശ വായ്പയില്‍ 1.9 ശതമാനം വര്‍ദ്ധനവ്
  • ആകെ ബാങ്ക് നിക്ഷേപങ്ങളിലും വര്‍ദ്ധനവ്


യുഎഇ ബാങ്കുകളുടെ ആസ്തിയും ഗ്യാരന്റിയും 0.8 ശതമാനം വര്‍ദ്ധിച്ചു. ആകെ ബാങ്കുകളുടെ ആസ്തി 2023 ഡിസംബര്‍ അവസാനം 4.075 ട്രില്യണ്‍ ദിര്‍ഹമായിരുന്നത് 2024 ജനുവരി അവസാനത്തോടെ 4.109 ട്രില്യണ്‍ ദിര്‍ഹമായി വര്‍ദ്ധിച്ചുവെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് (സിബിയുഎഇ) അറിയിച്ചു. ബാങ്കിംഗ് മേഖലയിലെ വളര്‍ച്ചയെ തുടര്‍ന്ന് ആകെ വായ്പ 2024 ജനുവരി അവസാനത്തോടെ 1.996 ട്രില്യണ്‍ ദിര്‍ഹമായി. 2023 ഡിസംബറില്‍ ആകെ വായ്പ 1.991 ട്രില്യണ്‍ ദിര്‍ഹമായിരുന്നു. 0.2 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

ആഭ്യന്തര വായ്പയില്‍ 0.01 ശതമാനം കുറവുണ്ടായത് മറികടന്ന് വിദേശ വായ്പയില്‍ 1.9 ശതമാനം വര്‍ദ്ധനവുണ്ടായതിനാല്‍ മൊത്ത വായ്പ ഉയര്‍ന്നതായി സിബിയുഎഇ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ മേഖല,പൊതുമേഖല,ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള വായ്പ യഥാക്രമം 0.1 ശതമാനം,1.3 ശതമാനം,13.6 ശതമാനം ചുരുങ്ങിയതിനാല്‍ ആഭ്യന്തര വായ്പ കുറഞ്ഞു. എന്നാല്‍ സ്വകാര്യ മേഖലയ്ക്കുള്ള വായ്പ 0.5 ശതമാനം വര്‍ദ്ധിച്ചു.

ആകെ ബാങ്ക് നിക്ഷേപങ്ങളും ഉയര്‍ന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 0.7 ശതമാനമാണ് ഉയര്‍ന്നത്. 2023 ഡിസംബര്‍ അവസാനത്തെ 2.521 ട്രില്യണ്‍ ദിര്‍ഹത്തില്‍ നിന്ന് 2024 ജനുവരി അവസാനത്തോടെ 2.539 ട്രില്യണ്‍ ദിര്‍ഹമായി വര്‍ദ്ധിച്ചു. പ്രവാസി നിക്ഷേപം 1.8 ശതമാനം മറികടന്ന് റസിഡന്റ് ഡെപ്പോസിറ്റുകള്‍ 0.9 ശതമാനം വര്‍ദ്ധിച്ചതാണ് മൊത്തം ബാങ്ക് നിക്ഷേപങ്ങളുടെ വര്‍ദ്ധനവിന് കാരണം.

സര്‍ക്കാര്‍ മേഖലയിലെ നിക്ഷേപങ്ങളില്‍ 4.7 ശതമാനവും പൊതുമേഖലയിലെ (സര്‍ക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍) 1.0 ശതമാനവും സ്വകാര്യമേഖലയിലെ നിക്ഷേപങ്ങളില്‍ 1.0 ശതമാനവും വര്‍ധിച്ചതിനാല്‍ റസിഡന്റ് ഡെപ്പോസിറ്റുകള്‍ വിപുലീകരിച്ചു. എന്നാല്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപം 24.9 ശതമാനം കുറഞ്ഞു.

രാജ്യത്ത് വിനിമയം ചെയ്യുന്നതിന് സെന്‍ട്രല്‍ ബാങ്ക് വിതരണം ചെയ്യുന്ന ആകെ പണം 1.8 ശതമാനം വര്‍ദ്ധിപ്പിച്ചു. അതായത് 2023 ഡിസംബര്‍ അവസാനം 658.8 ബില്യണ്‍ ദിര്‍ഹമായിരുന്നത് 2024 ജനുവരി അവസാനം 670.9 ബില്യണ്‍ ദിര്‍ഹമായാണ് വര്‍ദ്ധിച്ചത്. പണവിതരണത്തിന്റെ മൊത്തത്തിലുള്ള എം1 0.1 ശതമാനം വര്‍ദ്ധിച്ചു. 2023 ഡിസംബര്‍ അവസാനത്തെ 829.3 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്ന് 2024 ജനുവരി അവസാനത്തോടെ 830.0 ബില്യണ്‍ ദിര്‍ഹമായി. ബാങ്കുകള്‍ക്ക് പുറത്ത്് പണവിനിമയം 0.9 ബില്യണ്‍ ദിര്‍ഹം വര്‍ദ്ധിച്ചതാണ് ഇതിന് കാരണം. മോണിറ്ററി നിക്ഷേപത്തില്‍ 0.2 ബില്യണ്‍ ദിര്‍ഹം ഇടിവും രേഖപ്പെടുത്തി.

എം2 0.2 ശതമാനം വര്‍ധിച്ചു. 2023 ഡിസംബര്‍ അവസാനത്തെ 2,023.4 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്ന് 2024 ജനുവരി അവസാനത്തോടെ 2,028.3 ബില്യണ്‍ ദിര്‍ഹമായി. പണ വിതരണ മൊത്തത്തിലുള്ള എം3 യും 1.3 ശതമാനം വര്‍ധിച്ചു. 2023 ഡിസംബര്‍ അവസാനത്തെ 2.445 ട്രില്യണ്‍ ദിര്‍ഹത്തില്‍ നിന്ന് 2024 ജനുവരി അവസാനത്തോടെ 2.478 ട്രില്യണ്‍ ദിര്‍ഹമായി.