19 Jun 2023 6:09 PM IST
Summary
- അറഫാ ദിനവും ബലി പെരുന്നാള്‍ ദിനവും ഉള്‍പ്പെടെ നാല് ദിവസത്തെ അവധിയായിരിക്കും
- ഹിജ്‌റ കലണ്ടറില്‍ ഇത് ദുല്‍ഹജ്ജ് ഒന്‍പത് മുതല്‍ 12 വരെയാണ്
യുഎഇയില്‍ ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 30 വെള്ളിയാഴ്ച വരെ സ്വകാര്യ മേഖലയ്ക്ക് ബലിപെരുന്നാള്‍ അവധി. രാജ്യത്തെ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അറഫാ ദിനവും ബലി പെരുന്നാള്‍ ദിനവും ഉള്‍പ്പെടെ നാല് ദിവസത്തെ അവധിയായിരിക്കും സ്വകാര്യ മേഖലയ്ക്ക് ലഭിക്കുക.
ഹിജ്‌റ കലണ്ടറില്‍ ഇത് ദുല്‍ഹജ്ജ് ഒന്‍പത് മുതല്‍ 12 വരെയാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ വാരാന്ത്യ അവധി ലഭിക്കുന്നവര്‍ക്ക് അതു കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ആറ് ദിവസം അവധി ലഭിക്കും. അവധിക്ക് ശേഷം ജൂലൈ മൂന്നാം തീയതിയായിരിക്കും പ്രവൃത്തി ദിനങ്ങള്‍ പുനഃരാരംഭിക്കുക.
ഞായറാഴ്ച രാത്രി സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ 27 ചൊവ്വാഴ്ച അറഫ ദിനവും 28ന് ബലി പെരുന്നാളും നിശ്ചയിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. റിയാദ് നഗരത്തില്‍ നിന്ന് 140 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന താമിര്‍ എന്ന നഗരത്തില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രഖ്യാപനം. ഒമാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ബലി പെരുന്നാള്‍ ജൂണ്‍ 28 ബുധനാഴ്ചയായിരിക്കും.