23 May 2023 9:39 AM GMT
Summary
- മെയ് 29ന് ഇന്ത്യയിലെത്തും
- എല്ലാ ബിസിനസ് അവസരങ്ങളും ഇന്ത്യയുടെ ശ്രദ്ധയില്‍ പെടുത്തും
- മുംബൈയും ന്യൂഡല്‍ഹിയുമാണ് പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍
ഷാര്‍ജയില്‍ നിന്നുള്ള വ്യാപാര ദൗത്യ സംഘം ഇന്ത്യയിലേക്ക്. ഷാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എസ്.സി.സി.ഐ)യുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജ എക്സ്പോര്‍ട്ട്സ് ഡെവലപ്മെന്റ് സെന്റര്‍ നയിക്കുന്ന വ്യാപാര ദൗത്യസംഘമാണ് മെയ് 29 ന് ഇന്ത്യയിൽ എത്തുക. ജൂണ്‍ 2 വരെ ഇവര്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തും.
ഷാര്‍ജ എമിറേറ്റ്‌സും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര സഹകരണം വര്‍ധിപ്പിക്കാനും പരസ്പര നിക്ഷേപം പ്രോത്സാഹിപ്പിക്കാനുമാണ് സന്ദര്‍ശനം. എസ്.സി.സി.ഐ ചെയര്‍മാന്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഉവൈസ് ദൗത്യത്തിന് നേതൃത്വം നല്‍കും, എസ്.സി.സി.ഐ ഉദ്യോഗസ്ഥരും ഷാര്‍ജയിലെ പ്രമുഖ സ്വകാര്യ വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ മേധാവികളും പങ്കാളികളാവും. യു.എ.ഇ.യും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ കഴിഞ്ഞ മെയില്‍ പ്രാബല്യത്തില്‍ വന്നതോടെ വ്യാപാര വാണിജ്യരംഗത്ത് പുത്തന്‍ ഉണര്‍വുകള്‍ പ്രകടമായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രവാഹം സുഗമമാക്കാനും പ്രധാന കയറ്റുമതി മേഖലകളെ ഉത്തേജിപ്പിക്കാനും നിക്ഷേപ അവസരങ്ങള്‍ വര്‍ധിപ്പിക്കാനും പങ്കാളിത്തകരാര്‍ സഹായകമായിട്ടുണ്ട്.
സന്ദര്‍ശന കാലത്ത് ഷാര്‍ജയില്‍ ലഭ്യമാകുന്ന എല്ലാ ബിസിനസ് അവസരങ്ങളും ഇന്ത്യയുടെ ശ്രദ്ധയില്‍ പെടുത്തും. ഷാര്‍ജയുടെ സാമ്പത്തിക കാഴ്ചപ്പാടുകളും സുസ്ഥിര വികസന ലക്ഷ്യങ്ങളും നിക്ഷേപസാധ്യതകളുമെല്ലാം ഇന്ത്യന്‍ ബിസിനസ് സമൂഹത്തെ ബോധ്യപ്പെടുത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മുംബൈയും ന്യൂഡല്‍ഹിയുമാണ് സംഘം പ്രധാനമായും സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍. ഇരു രാജ്യങ്ങളിലെയും ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും നേതാക്കളും തമ്മിലുള്ള ആശയവിനിമയം ഇവിടങ്ങളില്‍ നടക്കും. ഷാര്‍ജയില്‍ പുതിയ ഇന്ത്യന്‍ പ്രൊഫഷണല്‍ ബിസിനസ് കൗണ്‍സില്‍ സ്ഥാപിതമായതിനെ തുടര്‍ന്നാണ് ഈ ദൗത്യം.
ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനും സുഹൃദ് രാഷ്ട്രങ്ങളുമായുള്ള വ്യാപാര-നിക്ഷേപ അളവ് വര്‍ധിപ്പിക്കുന്നതിനുമായി വ്യവസായികളെ പ്രതിനിധീകരിക്കുന്ന ബിസിനസ് കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിനുള്ള വിപുലമായ സംരംഭത്തിന്റെ ഭാഗമാണ് എസ്സിസിഐയുടെ ആഭിമുഖ്യത്തില്‍ 2023 ഫെബ്രുവരിയില്‍ കൗണ്‍സില്‍ ആരംഭിച്ചത്.