18 May 2023 11:44 AM GMT
യുഎഇയുടെ എണ്ണ ഇതര സമ്പദ്‌വ്യവസ്ഥ 4.8% വളര്‍ച്ച നേടുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്
MyFin Desk
Summary
- എണ്ണ ഇതര മേഖലയില്‍ 4.8 ശതമാനം ശക്തമായ വളര്‍ച്ച
- യുഎഇ പ്രധാന വരുമാന സ്രോതസ് പെട്രോളിയം, പ്രകൃതി വാതകം എന്നിവ
- എണ്ണ ഇതര വരുമാന സ്രോതസുകളിലൊന്നു ടൂറിസം.
ഈ വര്‍ഷം യു.എ.ഇയുടെ യഥാര്‍ത്ഥ ജി.ഡി.പി 2.8 ശതമാനം വളരുമെന്ന് ലോകബാങ്ക് പ്രവചനം. വിനോദസഞ്ചാരം, റിയല്‍ എസ്‌റ്റേറ്റ്, നിര്‍മ്മാണം, ഗതാഗത മേഖലകളുടെ സഹായത്താല്‍ എണ്ണ ഇതര മേഖലയില്‍ 4.8 ശതമാനം ശക്തമായ വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
യുഎഇയിലെ കറന്റ് അക്കൗണ്ട് ബാലന്‍സ് 2023ല്‍ 11.7 ശതമാനമായി ഉയരുമെന്നും പൊതു ധനകാര്യത്തില്‍ 6.2 ശതമാനം മിച്ചം കൈവരിക്കുമെന്നുമുള്ള പ്രതീക്ഷയാണ് വാര്‍ത്താ എജന്‍സിയായ വാമിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) സമ്പദ്വ്യവസ്ഥ 2023ല്‍ 2.5 ശതമാനവും 2024ല്‍ 3.2 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നും പ്രവചിക്കപ്പെടുന്നുണ്ട്. ഈ മേഖലയ്ക്ക് പോയവര്‍ഷം 7.3 ശതമാനത്തിന്റെ ശ്രദ്ധേയമായ ജി.ഡി.പി വളര്‍ച്ചയുണ്ടായിരുന്നു.
യുഎഇ സമ്പദ് വ്യവസ്ഥ പ്രധാനമായും ആശ്രയിക്കുന്നത് പെട്രോളിയം, പ്രകൃതി വാതകം എന്നിവയില്‍ നിന്നുള്ള വരുമാനത്തെയാണ്, പ്രത്യേകിച്ച് അബുദാബിയാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 2009ല്‍ യുഎഇയുടെ സമ്പദ്വ്യവസ്ഥയുടെ 85 ശതമാനത്തിലധികം എണ്ണ കയറ്റുമതിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. യുഎഇയിലെ ഏറ്റവും വലിയ എണ്ണ ഇതര വരുമാന സ്രോതസുകളിലൊന്നാണ് ടൂറിസം.
വന്‍തോതിലുള്ള നിര്‍മാണ കുതിച്ചുചാട്ടം, വികസിച്ചുകൊണ്ടിരിക്കുന്ന നിര്‍മാണ അടിത്തറ, അഭിവൃദ്ധി പ്രാപിക്കുന്ന സേവന മേഖല എന്നിവ യുഎഇയെ അതിന്റെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാന്‍ സഹായിക്കുന്നു.