2 Jun 2023 7:27 AM GMT
Summary
- ആദ്യ പാദത്തില്‍ 65.9 ദശലക്ഷം ദിര്‍ഹം ഈടാക്കി.
- 840 കമ്പനികളിൽ പരിശോധന
- 2018ല്‍ കള്ളപണത്തിനെതിരെ ഫെഡറല്‍ നിയമങ്ങള്‍
കള്ളപ്പണത്തിനെതിരേ ശക്തമായ നടപടികളുമായി യുഎഇ അധികൃതര്‍. നിയമലംഘകര്‍ക്കെതിരേ നടപടി കടുപ്പിച്ചു. ഇതിന്റെ ഭാഗമായി നൂറ്റിമുപ്പതിലേറെ കമ്പനികളില്‍ നിന്നും പിഴ ഈടാക്കിയതായാണ് വിവരം. ഈ സമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ സാമ്പത്തിക മന്ത്രാലയം 65.9 ദശലക്ഷം ദിര്‍ഹം ഈടാക്കി.
സാമ്പത്തികേതര ബിസനസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 840 കമ്പനികളിലാണ് സാമ്പത്തിക മന്ത്രാലയം പരിശോധന നടത്തിയത്. കള്ളപ്പണം തടയല്‍ നിയമവും ഭീകരസംഘടനകള്‍ക്ക് ധനസഹായം തടയുന്നതിനുമുള്ള നിയമവും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 137 കമ്പനികള്‍ക്ക് പിഴ ചുമത്തിയത്. കള്ളപ്പണം തടയുന്നതിനും ഭീകര സംഘടനകള്‍ക്കുള്ള ധനസഹായം തടയുന്നതിനുമായി 2018ല്‍ യുഎഇ ഫെഡറല്‍ നിയമങ്ങള്‍ പാസാക്കിയിരുന്നു.
റിയല്‍ എസ്‌റ്റേറ്റ് ഏജന്റുകള്‍, ബ്രോക്കര്‍മാര്‍, രത്‌നക്കല്‍ വ്യാപാരികള്‍, ഓഡിറ്റര്‍മാര്‍, കോര്‍പറേറ്റ് - സേവന ദാതാക്കള്‍ എന്നിവരെല്ലാം കര്‍ശനമായ നിരീക്ഷണ പരിധിയിലാണ്. സാമ്പത്തിക മന്ത്രാലയത്തിന്റെ ശക്തമായ നിയമ നടപടികളുടെ ഭാഗമായാണ് നിയമലംഘകര്‍ക്കെതിരേ പിഴയടക്കമുള്ള കാര്യങ്ങള്‍ ചുമത്തുന്നതെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഫാന്‍ അല്‍ ഷംസി പറഞ്ഞു.