image

13 May 2024 5:11 AM GMT

Middle East

ഹജ്ജ് സീസണ്‍:തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്ന പദ്ധതികളുമായി സൗദിയ

MyFin Desk

ഹജ്ജ് സീസണ്‍:തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്ന പദ്ധതികളുമായി സൗദിയ
X

Summary

  • സൗദിയയില്‍ തീര്‍ത്ഥാടകര്‍ക്കായി അനുവദിച്ചിരിക്കുന്നത് 12 ലക്ഷത്തിലധികം സീറ്റുകള്‍
  • ഹജ് സീസണില്‍ സര്‍വീസ് നടത്തുന്നത് 150 ലധികം വിമാനങ്ങള്‍
  • തീര്‍ത്ഥാടകര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ വിമാനത്തിലെ ടിവി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും


ഹജ്ജിന് മുന്നോടിയായി ബൃഹത്തായ പ്രവര്‍ത്തന പദ്ധതി പുറത്തിറക്കി സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ. തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുകയാണ് ലക്ഷ്യം. 12 ലക്ഷത്തിലധികം സീറ്റുകളാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്. മെയ് ഒമ്പത് മുതല്‍ 74 ദിവസമാണ് സൗദിയയുടെ ഹജ് സീസണിലെ പ്രവര്‍ത്തന കാലയളവ്. തീര്‍ത്ഥാടകര്‍ക്ക് വേണ്ട സേവനം ഉറപ്പാക്കുന്നതിനായി 11,000 ത്തിലധികം ജീവനക്കാര്‍ പ്രവര്‍ത്തിക്കും.

ഹജ് സീസണില്‍ 150 ലധികം വിമാനങ്ങള്‍ സര്‍വീസ് നടത്തും. തീര്‍ത്ഥാടകരുടെ താമസസ്ഥലത്ത് നിന്ന് ലഗേജ് ശേഖരിക്കുന്ന സംവിധാനവും സൗദിയ ഒരുക്കിയിട്ടുണ്ട്. ജിദ്ദ,മദീന വിമാനത്താവളങ്ങളില്‍ വിര്‍ച്വല്‍ സിമുലേഷന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് അനുഷ്ഠാനങ്ങളെക്കുറിച്ച് അറിയാന്‍ സാധിക്കുന്ന സംവിധാനമാണിത്. ഹജ് ചടങ്ങളുടെ ദൃശ്യം ഇതുവഴി കണ്ട് മനസിലാക്കാം.

സൗദി നിയമങ്ങളെക്കുറിച്ചും നിരോധിത വസ്തുക്കള്‍ ലഗേജില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതിനെ കുറിച്ചും മുപ്പത് ഭാഷകളില്‍ ബോധവത്കരണം നടത്തും. തീര്‍ത്ഥാടകര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സൗദിയ വിമാനത്തിലെ ടിവി സ്‌ക്രീനില്‍ കാണിക്കും.

ജിദ്ദ,മദീന,റിയാദ്,ദമാം,യാമ്പൂ എന്നീ വിമാനത്താവളങ്ങളിലൂടെ ആഭ്യന്തര തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യും. തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ വേണ്ട സേവനങ്ങള്‍ നല്‍കുന്നതിന് ജീവനക്കാര്‍ സജ്ജരാണെന്ന് സൗദിയ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.