15 Jan 2024 8:51 AM GMT
Summary
- യുഎഇയുടെ പുതിയ യുവജന വകുപ്പ് മന്ത്രി സുൽത്താൻ അൽ നെയാദി
- അൽ നെയാദി ബഹിരാകാശത്ത് സ്പേസ് വോക്ക് നടത്തിയ ആദ്യത്തെ അറബി
- അബൂദാബി അൽ ബഹ്ർ പാലസിൽ വെച്ച് നടന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ അധികാരമേറ്റു
യുഎഇയുടെ പുതിയ യുവജന വകുപ്പ് മന്ത്രിയായി ബഹിരാകാശസഞ്ചാരി സുൽത്താൻ അൽ നെയാദിയെ നിയമിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
42 കാരനായ സുൽത്താൻ അൽ നെയാദി ഇന്റർനാഷണൽസ്പേസ് സ്റ്റേഷൻ ബഹിരാകാശ നിലയത്തിൽ ആറ് മാസത്തെ ദൗത്യം പൂർത്തിയാക്കി കഴിഞ്ഞ സെപ്റ്റംബറിൽ തിരിച്ചെത്തി. ഇൻഫർമേഷൻ ടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള നെയാദി സൈന്യത്തിലും, ബഹിരാകാശ മേഖലയിലും തന്റെ രാജ്യത്തെ സേവിച്ചു. ബഹിരാകാശത്ത് 200-ലധികം ശാസ്ത്ര പരീക്ഷണങ്ങളിൽ പങ്കാളിയായിരുന്ന അൽ നെയാദി ബഹിരാകാശത്ത് സ്പേസ് വോക്ക് നടത്തിയ ആദ്യത്തെ അറബിയും, ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് താമസിച്ച അറബി എന്ന റെക്കോർഡും അദ്ദേഹത്തിനുണ്ട്.
എക്സ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ, അൽ നെയാദി "സൈനിക, ബഹിരാകാശ മേഖലകളിൽ രാജ്യത്തെയും ശാസ്ത്രരംഗത്ത് മനുഷ്യരാശിയെയും സേവിച്ചു" എന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. പൊതുജന നാമനിർദ്ദേശങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഒരു പങ്ക് വഹിച്ചുവെന്നും അൽ നെയാദി "തന്റെ പുതിയ ഉത്തരവാദിത്വങ്ങൾക്കൊപ്പം ശാസ്ത്രപരവും ബഹിരാകാശപരവുമായ കടമകൾ നിർവഹിക്കുമെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട് സത്യപ്രതിജ്ഞ ചെയ്‌ത മറ്റ് മന്ത്രിമാർ ധന സാമ്പത്തിക മന്ത്രാലയ ഉപപ്രധാനമന്ത്രി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പ്രതിരോധ സഹമന്ത്രി ആയി മുഹമ്മദ് ബിൻ മുബാറക് ഫാദൽ അൽ മസ്‌റൂയി, പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്‌ദുല്ല അൽ ദഹാക് അൽ ഷംസി, യുഎഇ പ്രസിഡന്ററിന്റെ രാജ്യാന്തര വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഓഫീസ് മേധാവിയായി മറിയം ബിൻത് മുഹമ്മദ് അൽ മുഹൈരി എന്നിവരാണ് അധികാരമേറ്റത്.
അബൂദാബി അൽ ബഹ്ർ പാലസിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ് പ്രസിൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ പ്രസിഡന്റ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർക്ക് മുമ്പാകെയാണ് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്.