30 May 2023 12:02 PM GMT
Summary
- മുംബൈയില്‍ നിന്നുമുള്ള പ്രധാന ബിസിനസ്സ് പ്രമുഖരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യവസായ വിദഗ്ധരും പങ്കെടുക്കുന്നു
- പ്രതിനിധി സംഘം ന്യൂഡല്‍ഹിയും സന്ദര്‍ശിക്കും
- ഷാര്‍ജയിലെയും മുംബൈയിലെയും നിക്ഷേപനേട്ടങ്ങള്‍ ചർച്ച ചെയ്യും
ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എസ്.സി.സി.ഐ) യുടെ പ്രതിനിധികള്‍ എത്തി. ഇന്ത്യയുമായുള്ള സുപ്രധാന വ്യാപാര ദൗത്യത്തിന് തുടക്കമിട്ടുകൊണ്ടാണ് കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തിയത്.
യുഎഇ-ഇന്ത്യ ബിസിനസ് ഫോറത്തില്‍ ഷാര്‍ജയില്‍ നിന്നുള്ള പ്രിതിനിധികള്‍ക്കു പുറമേ മുംബൈയില്‍ നിന്നുമുള്ള പ്രധാന ബിസിനസ്സ് പ്രമുഖരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യവസായ വിദഗ്ധരും പങ്കെടുക്കുന്നുണ്ട്.
ഷാര്‍ജയിലെയും മുംബൈയിലെയും നിക്ഷേപനേട്ടങ്ങള്‍ ഇരുഭാഗത്തെയും പ്രതിനിധികള്‍ എടുത്തുകാണിക്കുന്നതാണ് സംഗമം. യുഎഇയുടെയും ഇന്ത്യയുടെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് ഈയിടെ ഉണ്ടാക്കിയ സമഗ്ര വ്യാപാര, വാണിജ്യ കരാര്‍ ഏറെ സാധ്യതകള്‍ ഉണ്ടാക്കിയതായി യോഗം വിലയിരുത്തി.
ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എസ്.സി.സി.ഐ) ചെയര്‍മാന്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഉവൈസിന്റെ നേതൃത്വത്തില്‍ എസ്.സി.സി.ഐ ഡയരക്ടര്‍ ബോര്‍ഡ് സെക്കന്‍ഡ് വൈസ് ചെയര്‍മാന്‍ വലീദ് അബ്ദുള്‍ റഹ്മാന്‍ ബുഖാത്തിര്‍, ബോര്‍ഡ് അംഗം അഹമ്മദ് മുഹമ്മദ് ഉബൈദ് അല്‍ നബൂദ, എസ്.സി.സി.ഐ ബോര്‍ഡ് അംഗം അബ്ദുല്ല ഹുസൈന്‍ സല്‍മാന്‍ അല്‍ മര്‍സൂഖി തുടങ്ങി നിരവധി പ്രമുഖര്‍ ഫോറത്തില്‍ പങ്കെടുത്തു.
മുംബൈയിലെ യു.എ.ഇ കോണ്‍സല്‍ ജനറല്‍, ബോംബെ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ഡയറക്ടര്‍ പ്രവീണ്‍ റാണെ, ഷാര്‍ജ ചേംബറില്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ബിസിനസ് സെക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ അസീസ് മുഹമ്മദ് ഷത്താഫ് എന്നിവരും സന്നിഹിതരായി.
ജൂണ്‍ 2 വരെ നീളുന്ന എസ്.സി.സി.ഐ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രതിനിധി സംഘം ന്യൂദല്‍ഹിയും സന്ദര്‍ശിക്കും. ബിസിനസ് ഫോറത്തിന്റെ രൂപീകരണം, പ്രാദേശിക വാണിജ്യ, വ്യവസായ ചേമ്പറുകളുമായുള്ള കൂടിക്കാഴ്ചകള്‍, സാധ്യതയുള്ള നിക്ഷേപ അവസരങ്ങള്‍ കണ്ടെത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഡല്‍ഹിയിലും ഇടപെടലുകള്‍ നടത്തും. യുഎഇ, ഇന്ത്യന്‍ ബിസിനസ് കമ്മ്യൂണിറ്റികളുമായുള്ള മീറ്റിംഗുകളും സംഘടിപ്പിക്കും.