6 July 2023 5:35 AM GMT
Summary
- യുഎഇയുടെ വികസനത്തോടൊപ്പം പുതിയ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ കഴിയും
- നിക്ഷേപ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം യുഎഇ മന്ത്രിസഭായോഗത്തിൽ
രാജ്യത്ത് നിക്ഷേപങ്ങള്‍ സ്വീകരിക്കാനും അവയെ ക്രമീകരിക്കാനും അഭിവൃദ്ധിപ്പെടുത്താനുമായി പ്രത്യേക മന്ത്രാലയം തുടങ്ങാന്‍ യുഎഇ തീരുമാനം. യുഎ.ഇ മന്ത്രിസഭയാണ് രാജ്യവളര്‍ച്ചയ്ക്കായി സുപ്രധാന തീരുമാനമെടുത്തത്. യുഎഇയുടെ വികസനത്തോടൊപ്പം പുതിയ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ നിക്ഷേപ മന്ത്രാലയം സഹായകമാവും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിക്ഷേപകര്‍ രാജ്യത്തേക്ക് ഒഴുകിക്കൊണ്ടിരിക്കവെയാണ് യുഎഇയുടെ പുതിയ തീരുമാനമെന്നതും ശ്രദ്ധേയമാണ്. അബൂദബി അല്‍ വത്തന്‍ കൊട്ടാരത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യുഎഇ മന്ത്രിസഭായോഗമാണ് നിക്ഷേപ മന്ത്രാലയത്തിന് രൂപം നല്‍കാന്‍ തീരുമാനിച്ചത്.
മുഹമ്മദ് ഹസന്‍ അല്‍ സുവൈദിയാണ് നിക്ഷേപക മന്ത്രി. നിക്ഷേപ നയവും ലക്ഷ്യവും രൂപപ്പെടുത്തുക, മേഖലയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുക, നിയമ നിര്‍മാണവും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുക എന്നിവയാണ് മന്ത്രാലയത്തിന്റെ ചുമതലകള്‍. നിക്ഷേപകര്‍ക്ക് എല്ലാതരത്തിലുമുള്ള സഹായങ്ങള്‍ നല്‍കാനും അവരെ സ്വാഗതം ചെയ്യാനും യുഎഇയിലെ വിവിധ എമിറേറ്റുകള്‍ മത്സരിക്കുകയാണ്.
എണ്ണ മേഖലയിലും മറ്റിതര മേഖലകളിലും ഗള്‍ഫ് അഭിവൃദ്ധി കാണിക്കുന്ന ഇക്കാലത്ത് നിക്ഷേപകര്‍ ധാരാളം ഇങ്ങോട്ടേക്ക് എത്തിക്കൊണ്ടിരിക്കയാണ്. ഗ്രീന്‍ഫീല്‍ഡ് വിദേശ നിക്ഷേപം ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ദുബൈ മുന്നിലാണ്. ഇന്ത്യന്‍ കമ്പനികളും നിക്ഷേപ രംഗത്ത് യുഎഇക്ക് മുഖ്യപരിഗണനയാണ് നല്‍കുന്നത്.