13 April 2024 4:45 AM GMT
Summary
- റസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നതിന് സാധുവായ പാസ്പോര്‍ട്ട്, അടയ്ക്കേണ്ട ഫീസ്, ട്രാഫിക് ടിക്കറ്റുകള്‍ എന്നിവ നിര്‍ബന്ധമാണ്
- സൗദിയില്‍ ജോലി ചെയ്യുന്നത് ഏകദേശം 13.4 ദശലക്ഷം വിദേശികളാണ്
- എക്‌സിറ്റ്/റീ എന്‍ട്രി വിസയില്‍ പോകുന്ന വിദേശികള്‍ക്ക് അവരുടെ സാധുവായ വിസയുടെ അവസാന ദിവസം വരെ സൗദിയിലേക്ക് മടങ്ങാം
സൗദിയില്‍ റസിഡന്‍സി പെര്‍മിറ്റോ ഇഖാമയോ ഉള്ള വിദേശികള്‍ക്ക് അവ പുതുക്കുന്നതിന് അറിയേണ്ടതെന്തെല്ലാം.. രാജ്യത്തെ ഡിജിറ്റല്‍ സേവനങ്ങളുടെ ഭാഗമായി പ്രവാസികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹിക തൊഴിലാളികള്‍ക്കും അവരുടെ ഇഖാമകള്‍ സര്‍ക്കാര്‍ അബ്ഷര്‍ പ്ലാറ്റ്‌ഫോം വഴി പുതുക്കാവുന്നതാണ്. ഇഖാമ പുതുക്കുന്നതിന്, ആവശ്യപ്പെട്ട കാലയളവിലെ കുടിശിക ഫീസ് അടയ്‌ക്കേണ്ടതുണ്ട്. ട്രാഫിക് നിയമലംഘനങ്ങള്‍ മുന്‍കൂട്ടി തീര്‍പ്പാക്കുകയും വേണം. പാസ്‌പോര്‍ട്ട് സാധുവായിരിക്കണം. ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നയാളായി രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല. കൂടാതെ, കുടുംബനാഥന്റെയും ആറ് വയസ്സിന് മുകളില്‍ പ്രായമുള്ള ആശ്രിതരുടെയും വിരലടയാളം ഓരോരുത്തര്‍ക്കും അവരവരുടെ സ്വന്തം പാസ്പോര്‍ട്ട് ഉള്ള സിസ്റ്റത്തില്‍ ലഭ്യമായിരിക്കണം.
രാജ്യത്തുള്ള പ്രവാസികള്‍ക്ക് അതേ കാലയളവിലേക്ക് മൂന്ന് മാസത്തെ റെസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കല്‍ ഓപ്ഷനോടെ ലഭിക്കും. ഇഖാമയുടെ ഡിജിറ്റല്‍ പകര്‍പ്പ് അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ സംരക്ഷിക്കാനും കഴിയും. 2021-ല്‍ ആരംഭിച്ച ഒരു സംവിധാനത്തിന് കീഴിലാണ് ഇത് സാധ്യമാകുന്നത്. ഒരു സര്‍ക്കാര്‍ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് ഇഖാമ ഫീസ് ക്വാര്‍ട്ടര്‍ലിയോ വര്‍ഷത്തില്‍ രണ്ട് തവണയായോ അടയ്ക്കാം.
സൗദി അറേബ്യ ഏകദേശം 32.2 ദശലക്ഷം ജനസംഖ്യയുള്ള രാജ്യമാണ്. വിദേശതൊഴിലാളികള്‍ ധാരാളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. വിദേശികള്‍ ഏകദേശം 13.4 ദശലക്ഷം അല്ലെങ്കില്‍ രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 41.5 ശതമാനം വരുമെന്നാണ് അടുത്തിടെ നടത്തിയ സെന്‍സസ് വ്യക്തമാക്കുന്നത്.
പ്രവാസികള്‍ക്ക് ഉപകാരപ്പെടുന്ന തീരുമാനങ്ങളും അടുത്തിടെ സൗദി സ്വീകരിച്ചിരുന്നു. എക്‌സിറ്റ്/റീ എന്‍ട്രി വിസയില്‍ പോകുന്ന വിദേശികള്‍ക്ക് അവരുടെ സാധുവായ വിസയുടെ അവസാന ദിവസം വരെ സൗദിയിലേക്ക് മടങ്ങാം.