5 April 2024 3:26 PM
Summary
വില ഇനിയും ഉയരും എന്ന ആശങ്ക ഉപഭോക്താക്കൾക്കുണ്ട്. അതിനാൽ അവർ ഇപ്പോൾ തന്നെ സ്വർണം വാങ്ങുകയാണ്. ഇപ്പോൾ ഉയർന്ന വില സ്വർണം വാങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകമായി മാറുകയാണ്
യുഎഇയിൽ സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലെത്തിയെങ്കിലും സ്വർണ്ണ ആഭരണങ്ങളുടെ വിൽപ്പനയിൽ വർധനവ് ആണ് രേഖപ്പെടുത്തിയത്. വരും മാസങ്ങളിൽ സ്വർണ്ണവില ഇനിയും ഉയരുമെന്ന പ്രതീക്ഷയെ തുടർന്നാണ് ഉപഭോക്താക്കൾ സ്വർണ്ണം വാങ്ങുന്നതെന്ന് ദുബായിലെ വ്യാപാരികൾ പറഞ്ഞു. യുഎഇയിൽ 24K സ്വർണ്ണം ഗ്രാമിന് 278.25 ദിർഹമായും, 22K, 21K, 18K എന്നിവ യഥാക്രമം 257.5, 249.25, 213.75 ദിർഹം വിലയിലും വ്യാപാരം നടക്കുന്നു.
“സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതിന് ശേഷം വിൽപ്പന യഥാർത്ഥത്തിൽ വർദ്ധിച്ചു. വില ഇനിയും ഉയരും എന്ന ആശങ്ക ഉപഭോക്താക്കൾക്കുണ്ട്. അതിനാൽ അവർ ഇപ്പോൾ തന്നെ സ്വർണം വാങ്ങുകയാണ്. ഇപ്പോൾ ഉയർന്ന വില വാങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകമായി മാറുകയാണ്,” ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.
കൂടാതെ, സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ സ്വർണ്ണം ഒരു സ്ഥിര നിക്ഷേപമായി കാണുന്നതും വിൽപ്പന വർധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി വില ഉയർന്നിട്ടുണ്ടെങ്കിലും, യുഎഇയിലുടനീളമുള്ള അവരുടെ ഷോറൂമുകളിൽ ഉപഭോക്താക്കളുടെ എണ്ണവും തുടർന്നുള്ള വിൽപ്പനയും ഉയർന്ന നിലയിൽ തന്നെയാണ് എന്നാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അന്താരാഷ്ട്ര പ്രവർത്തനങ്ങളുടെ മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞത്
“ഈദ് പോലുള്ള ആഘോഷങ്ങളോട് അനുബന്ധിച്ച് സ്വർണ്ണ ആഭരണങ്ങൾ വാങ്ങുന്നതും കഴിഞ്ഞ മാസം ഞങ്ങൾ അവതരിപ്പിച്ച 10 ശതമാനം മുൻകൂർ അഡ്വാൻസ് ഓഫറും ഇതിന് കാരണമാണ്. മുൻകൂർ തുകയുടെ 10 ശതമാനം മാത്രം അഡ്വാൻസായി നൽകി ഉപഭോക്താക്കൾക്ക് സ്വർണ്ണ നിരക്ക് തടയാൻ സാധിച്ചു. സ്വർണ്ണ നിരക്ക് ഏത് ദിശയിലേക്ക് നീങ്ങിയാലും ഏറ്റവും മികച്ച നിരക്ക് ഉറപ്പാക്കാൻ കഴിയും,” അഹമ്മദ് കൂട്ടി ചേർത്തു.
സഞ്ചാരികളെ ബാധിക്കുന്നില്ല
സ്വർണ്ണത്തിന്റെ ഉയർന്ന വില, ദുബായിലെ സ്വർണ്ണ ആഭരണ വിൽപ്പനയുടെ നല്ലൊരു പങ്ക് നിർണ്ണയിക്കുന്ന വിനോദസഞ്ചാരികളെ അത്രയൊന്നും ബാധിക്കില്ലെന്ന് സ്വർണ്ണ, ആഭരണ വ്യാപാരികൾ വെളിപ്പെടുത്തി.
അതെ സമയം, വരും മാസങ്ങളിൽ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയുടെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾ സ്വർണവും വിലപിടിപ്പുള്ള ലോഹ ആഭരണങ്ങളും വാങ്ങുന്നത് തുടരുകയാണെന്ന് ദുബായിലെ ചില്ലറ വ്യാപാരികൾ പറഞ്ഞു.