24 May 2024 1:25 PM GMT
കുവൈറ്റില്‍ റസിഡന്‍സി നിയമലംഘകര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ കടുത്ത ശിക്ഷാ നടപടികള്‍
MyFin Desk
Summary
- പൊതുമാപ്പ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് 2024 മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെയുള്ള മൂന്ന് മാസം
- പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത നിയമലംഘകരെ നാടുകടത്തും
- നാടുകടത്തപ്പെടുന്ന പ്രവാസികള്‍ക്ക് കുവൈറ്റിലേക്ക് മടങ്ങിവരുന്നതിന് വിലക്ക്
കുവൈറ്റില്‍ റസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചിട്ടുള്ള പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പ് പദ്ധതി ജൂണ്‍ 17 ന് അവസാനിക്കും. നിയമം ലംഘിച്ചിട്ടുള്ള പ്രവാസികള്‍ക്ക് ജൂണ്‍ 17 ന് ശേഷം അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനും രേഖകള്‍ പുതുക്കുന്നതിനും രാജ്യത്ത് നിന്ന് മടങ്ങുന്നതിനും അനുമതിയുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
റസിഡന്‍സി നിയമ ലംഘകരായ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള അവസരം നല്‍കുന്നതിനാണ് മാനുഷിക പരിഗണന മുന്‍നിര്‍ത്തി പൊതുമാപ്പ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമാപ്പ് കാലയളവിനു ശേഷം നിയമലംഘകരെ കണ്ടെത്തുന്നതിന് ഊര്‍ജിതമായ പരിശോധന നടത്തുമെന്നും മന്ത്രാലയം അറിയിച്ചു. പിടിക്കപ്പെടുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും തുടര്‍ന്ന് ഇവരെ നാട് കടത്തുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. നാടുകടത്തപ്പെടുന്ന പ്രവാസികള്‍ക്ക് കുവൈറ്റിലേക്ക് മടങ്ങിവരുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമനടപടികള്‍ ഒഴിവാക്കുന്നതിനായി നിയമലംഘകരായ പ്രവാസികള്‍ പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു. 2024 മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെയുള്ള മൂന്ന് മാസത്തേക്കാണ് ആഭ്യന്തര മന്ത്രാലയം പൊതുമാപ്പ് പദ്ധതി പ്രഖ്യാപിച്ചത്.