image

10 July 2023 11:11 AM

Middle East

നന്ദിനി പാല്‍ കടല്‍ കടക്കുന്നു, കേരളത്തിലൂടെ

MyFin Desk

nandini milk crosses the sea, through kerala
X

Summary

  • വിദേശത്തേക്ക് നന്ദിനി പാൽ കയറ്റി അയക്കുന്നു
  • കേരളത്തിലെ സീകെ ഗ്ലോബല്‍ ട്രേഡിങ് എന്ന സ്ഥാപനമാണ് പാൽ കയറ്റി അയക്കുന്നത്
  • കർണാടകയിലെ പാൽ ഉല്പാദനത്തിൽ വളർച്ച


കേരളത്തില്‍ വിപണി നേടാന്‍ ശ്രമിക്കുന്നതിനിടെ കര്‍ണാടകയുടെ നന്ദിനി പാല്‍ ഗള്‍ഫിലും ചുവടുറപ്പിക്കാനൊരുങ്ങുന്നു. കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന യു.എസ് ഗ്രേസ് എന്ന കപ്പലില്‍ നാവിയോ ഷിപ്പിങ്ങിന്റെ 40 ഫൂട്ട് ശിതീകരിച്ച കണ്ടെയിനറിലാണ് പാലുല്‍പന്നങ്ങള്‍ അയക്കുന്നത്. ദുബൈയില്‍ ഉല്‍പന്ന ടെസ്റ്റിംഗും മറ്റു പരിശോധനയും കഴിഞ്ഞ ശേഷം പ്രമുഖ മാളുകളിലും മറ്റും എത്തിക്കുമെന്ന് വിതരണക്കാര്‍ അറിയിച്ചു.

ആദ്യ ലോഡ് കഴിഞ്ഞദിവസം കൊച്ചി തുറമുഖത്ത് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ കണ്‍ട്രി ഓഫ് ഒറിജിന്‍ സര്‍ട്ടിഫിക്കറ്റ് കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം സെക്രട്ടറി മുന്‍ഷീദ് അലി കൈമാറി. നാവിയോ ഷിപ്പിങ് പ്രതിനിധി, സി.ടി.എല്‍ ഫ്രൈറ്റ് ഫോര്‍വാഡിംഗ് പ്രതിനിധി കെ.എസ് ചിത്ര, നിമിഷ, കസ്റ്റംസ് ഏജന്റ് റൂഫാസ് എന്നിവര്‍ സംബന്ധിച്ചു.

കേരളത്തിലെ സീകെ ഗ്ലോബല്‍ ട്രേഡിങ് എന്ന സ്ഥാപനമാണ് നന്ദിനി പാലും പാല്‍ ഉല്‍പന്നങ്ങളും ദുബൈയിലെ എആര്‍ജെ ജനറല്‍ ട്രേഡിങ്ങിന് അയക്കുന്നത്. സൗദിയുടെ അല്‍മറായി ഗ്രൂപ്പിനോട് മത്സരിച്ച് ഹോളണ്ട്, ഡെന്‍മാര്‍ക്ക്, ന്യൂസിലന്‍ഡ്, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ഗള്‍ഫിലേക്ക് പാല്‍ ഇറക്കുമതി ചെയ്യുന്ന സ്ഥാപനമാണിത്. നിലവില്‍ സിങ്കപ്പൂരിലേക്കും നന്ദിനി കയറ്റിയയക്കുന്നുണ്ട്.

എത്തുന്നത് അമൂലിന്റെ ഇടയിലേക്ക്

ഏറെ മലയാളികളുള്ള യുഎഇയില്‍ നിലവില്‍ സൗദി , നെതര്‍ലാന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, ന്യൂസിലാന്‍ഡ്, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നിന്നാണ് പാലുല്‍പന്നങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. ഗുജറാത്തില്‍ നിന്നുള്ള അമൂല്‍ ഉല്‍പന്നങ്ങളും യുഎഇയില്‍ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള നന്ദിനി ദുബൈയിലെ മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും എത്തുന്നത്. ബജറ്റ് നിരക്കില്‍ ഗുണമേന്മയുള്ള പാലും പാല്‍ ഉല്‍പന്നങ്ങളും എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നന്ദിനി പാല്‍ കയറ്റിയയക്കുന്ന കേരളത്തിലെ സ്ഥാപനമുടമകള്‍ പറയുന്നു.

മുന്‍കൈയെടുക്കുന്നത് കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം

കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം മുന്‍കൈയെടുത്താണ് മുംബൈ വഴി നടക്കാനിരുന്ന കയറ്റുമതി കൊച്ചി തുറമുഖം വഴിയാക്കിയത്. ദുബൈയിലെ ഒരു പ്രമുഖ മില്‍ക്ക് ആന്‍ഡ് ഡയറി ഹോള്‍ഡിങ്‌സ് ഇറക്കുമതി കമ്പനിയാണ് മധ്യേഷ്യയില്‍ ആദ്യമായി കര്‍ണാടക മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ 'നന്ദിനി' ഇറക്കുന്നത്.

മില്‍മ താഴോട്ട്; നന്ദിനി മുകളിലേക്കും

പാല്‍ ഉല്‍പാദനത്തില്‍ കേരളം താഴേക്ക് പോവുമ്പോഴാണ് കര്‍ണാകയിലെ പാല്‍ ഉല്‍പാദനം കൂടുതല്‍ വളര്‍ച്ച നേടി ഗള്‍ഫ് നാടുകളില്‍ വരെ എത്തുന്നത്. വരുമാനത്തിലും മുമ്പന്‍ കര്‍ണാടക സ്ഥാപനമാണ്. നന്ദിനി 84 ലക്ഷം ലിറ്റര്‍ പാല്‍ ദിവസവും സംഭരിക്കുമ്പോള്‍ കേരളത്തില്‍ മില്‍മയ്ക്ക് കീഴില്‍ സംഭരിക്കപ്പെടുന്നത് 14 ലക്ഷം ലിറ്ററാണ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നന്ദിനി 19,784 കോടി രൂപ വരുമാനമുണ്ടാക്കിയപ്പോള്‍ മില്‍മയുടെ വരുമാനം 4,300 കോടിയായിരുന്നു.

മില്‍മയ്ക്ക് വെല്ലുവിളി നന്ദിനിയോ?

നന്ദിനി മില്‍മയ്ക്ക് ഭീഷണിയാണെന്നു പറഞ്ഞ് കേരളത്തില്‍ നന്ദിനി വരുന്നത് തടയാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ തുറന്ന വിപണിയുടെ ഇക്കാലത്ത് ഗുണമേന്മ കൊണ്ടല്ലാതെ മറ്റൊരു സംസ്ഥാനത്തെ ഉല്‍പന്നത്തെ നേരിടാനാകില്ല. ശക്തി, മില്‍കി മിസ്റ്റ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ പാല്‍ കേരള വിപണിയിലെത്തുന്നുണ്ട്.

കേരളത്തില്‍ പാല്‍ ഉല്‍പാദനം കുറവ്

ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള പാല്‍ ഉല്‍പാദിപ്പിക്കാത്ത സംസ്ഥാനമാണ് കേരളം. പ്രതിദിനം 30 ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തില്‍ ആവശ്യമായിട്ടുള്ളത്. അതേസമയം മില്‍മയുടെ ഉല്‍പാദനം 13 ലക്ഷം ലിറ്റര്‍ മാത്രമാണ്. ആറുലക്ഷം മില്‍മ പുറത്തുനിന്നു വാങ്ങി സ്വന്തം ബ്രാന്‍ഡില്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. ബാക്കിയുള്ള 11 ലക്ഷം ലിറ്റര്‍ ശക്തി, മില്‍കി മിസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നത്.

അമുല്‍ തന്നെ മുന്നില്‍; പിന്നാലെ നന്ദിനിയും

ഗുജറാത്ത് സ്ഥാപനമായ അമുലാണ് ഇന്ത്യയില്‍ പാല്‍ ഉല്‍പാദനത്തില്‍ മുമ്പില്‍. പ്രതിവര്‍ഷം 40,000 ലക്ഷം ലിറ്റര്‍ പാലാണ് അവര്‍ വിപണിയിലെത്തിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള നന്ദിനി 25,000 ലക്ഷം ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നു. മില്‍മയാകട്ടെ ആകെ 6000 ലക്ഷം പാലാണ് ഒരുവര്‍ഷം ഉല്‍പാദിപ്പിക്കുന്നത്.