31 Jan 2024 6:53 AM GMT
Summary
- ഫാമിലി വിസയിലൂടെ മാതാപിതാക്കളെ കൊണ്ടുപോകാനാകില്ല
- 14 പ്രൊഫഷനുകള്‍ക്ക് ചട്ടങ്ങളില്‍ ഇളവ്
- വിവാഹ സര്‍ട്ടിഫിക്കറ്റും ജനന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം
ഫാമിലി വിസ ചട്ടങ്ങളിലെ പുതിയ പരിഷ്‍കാരങ്ങള്‍ കുവൈറ്റില്‍ നിലവില്‍ വന്നു. മലയാളികള്‍ അടക്കമുള്ള പ്രവാസികളെ ബാധിക്കുന്നതാണ് പുതിയ പരിഷ്കാരങ്ങള്‍. ഫാമിലി വിസ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനപ്പെട്ട മാറ്റങ്ങളാണ് കുവൈറ്റ് കൊണ്ടുവന്നിരിക്കുന്നത്. 800 കുവൈറ്റ് ദിനാര്‍ അഥവാ രണ്ട് ലക്ഷത്തി പതിനാറായിരം രൂപ ശമ്പളമുള്ളവര്‍ക്കാണ് കുടുംബാംഗങ്ങള്‍ക്കായി റെഗുലര്‍ റെസിഡന്‍സി വിസയ്ക്ക് അപേക്ഷിക്കാനാകുക.
അംഗീകൃത സര്‍വകലാശാല ബിരുദം, പ്രസക്തമായ പ്രൊഫഷന്‍ എന്നിവയും ഉണ്ടായിരിക്കണം. ഡോക്റ്റര്‍, എഞ്ചിനീയര്‍, വക്കീല്‍ എന്നിങ്ങനെയുള്ള 14 പ്രൊഫഷനുകളെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജീവിത പങ്കാളിക്കും 14 വയസില്‍ താഴെയുള്ള മക്കള്‍ക്കും മാത്രമായി ഫാമില വിസ പരിമിതപ്പെടുത്തി..
ഫാമിലി വിസയിലൂടെ മാതാപിതാക്കളെയും സഹോദരങ്ങളെയും കുവൈറ്റില്‍ എത്തിക്കാന്‍ ആഗ്രഹിച്ചിരുന്ന നിരവധി പേര്‍ക്കാണ് ഇത് തിരിച്ചടി ആയിരിക്കുന്നത്. പുതിയ ചട്ടങ്ങള്‍ നിലവില്‍ വന്ന ആദ്യ ദിവസം തന്നെ 1,165 അപേക്ഷകള്‍ അധികൃതര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇതില്‍ ഏറെയും മാതാപിതാക്കള്‍ക്കായുള്ള ഫാമിലി വിസ അപേക്ഷകളായിരുന്നു എന്നാണ് വിവരം.
ഫാമിലി വിസയിലൂടെ ജീവിത പങ്കാളിയെ കൊണ്ടുപോകുന്നതിന് വിവാഹ സര്‍ട്ടിഫിക്കറ്റും മക്കളെ കൊണ്ടുപോകുന്നതിന് ജനന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.