10 July 2023 9:13 AM GMT
Summary
- 2023 ലെ ആദ്യപകുതിയിലെ വിവരങ്ങൾ പുറത്തു വിട്ടത് നംബിയോ
- 130 രാജ്യങ്ങളിലെ ജീവിത ചെലവ് വിലയിരുത്തി
- ഏറ്റവും ചെലവേറിയ നഗരം ദുബായ്
ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യം കുവൈത്ത്. ലോക രാജ്യങ്ങളിലെ ജീവിതച്ചെലവു സൂചിക കണക്കാക്കുന്ന നംബിയോ ആണ് 2023 ആദ്യ പകുതിയിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. അറബ് ലോകത്ത് കുവൈത്ത് 14-ാം സ്ഥാനത്താണ്.
ഏറ്റവും ചെലവേറിയ അറബ് നഗരങ്ങളുടെ പട്ടികയില്‍ ദുബൈ ഒന്നാമതാണ്. അല്‍ ഖോബാര്‍, അബുദബി, ദോഹ, മനാമ, ബെയ്‌റൂത്ത്, റിയാദ്, റാമല്ല, ജിദ്ദ, മസ്‌കത്ത്, ഷാര്‍ജ, ദമാം, അമ്മാന്‍, എന്നിവയാണ് പിന്നാലെയുള്ളത്.
ഓരോ ആറ് മാസത്തിലും നംബിയോ ജീവിതച്ചെലവ് സൂചിക പുറത്തുവിടാറുണ്ട്. അവശ്യസാധനങ്ങള്‍, റെസ്‌റ്റോറന്റുകള്‍, ഗതാഗതം തുടങ്ങിയവയുടെ വിലയാണ് പരിഗണിക്കുക. അതേസമയം, സൂചികയില്‍ വാടക പോലുള്ള താമസ ചെലവുകള്‍ ഉള്‍പ്പെടുന്നില്ല. ലോകത്തിലെ 139 രാജ്യങ്ങളിലെ ജീവിത ചെലവാണ് വിലയിരുത്തുന്നത്.
വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് പ്രകാരം കുവൈത്ത് ജനസംഖ്യയുടെ 15 ശതമാനവും ഒരു മില്യണ്‍ ഡോളര്‍ സ്വത്ത് കൈവശമുള്ളവരാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരുള്ള രാജ്യങ്ങളില്‍ കുവൈത്തും കണക്കാക്കപ്പെടുന്നുണ്ട്. ലോകത്തിലെ എണ്ണ ശേഖരത്തിന്റെ 7 ശതമാനവും കുവൈത്തിന്റെ കൈവശമാണ്. നിലവില്‍ കുവൈത്തിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 95 ശതമാനം എണ്ണ കയറ്റുമതിയിലൂടെയാണ്.