image

16 April 2024 9:28 AM GMT

Middle East

ഭക്ഷ്യ-പാനീയ വിലകളില്‍ ഇടിവ്;ഖത്തറിലെ പണപ്പെരുപ്പം 1.4 ശതമാനം കുറഞ്ഞു

MyFin Desk

ഭക്ഷ്യ-പാനീയ വിലകളില്‍ ഇടിവ്;ഖത്തറിലെ പണപ്പെരുപ്പം 1.4 ശതമാനം കുറഞ്ഞു
X

Summary

  • ഭക്ഷ്യ-പാനീയ വിലകളിലെ ഇടിവ് പണപ്പെരുപ്പം കുറയാന്‍ ഇടയാക്കി
  • ഉപഭോക്തൃ വിലസൂചിക മാര്‍ച്ചില്‍ 106.67 പോയിന്റിലെത്തി
  • വാര്‍ഷിക ഉപഭോക്തൃ വില സൂചിക മുന്‍വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് മാര്‍ച്ചില്‍ 0.98 ശതമാനം ഉയര്‍ന്നു


ഖത്തറിന്റെ പണപ്പെരുപ്പം മാര്‍ച്ചില്‍ മുന്‍മാസത്തെ അപേക്ഷിച്ച് 1.4 ശതമാനം കുറഞ്ഞു. ഭക്ഷ്യ-പാനീയ വിലകളിലെ ഇടിവ് പണപ്പെരുപ്പം കുറയാന്‍ ഇടയാക്കി. രാജ്യത്തെ പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഉപഭോക്തൃ വില സൂചിക മാര്‍ച്ചില്‍ 106.67 പോയിന്റിലെത്തി. ഫെബ്രുവരിയെ അപേക്ഷിച്ച് മാര്‍ച്ചില്‍ ഭക്ഷണപാനീയങ്ങള്‍ക്കുള്ള ചെലവ് 4.74 ശതമാനം കുറഞ്ഞു. വിനോദത്തിനും സംസ്‌കാരത്തിനുമുള്ള വിലകളില്‍ ഇതേകാലയളവില്‍ 5.58 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതുപോലെ റസ്‌റ്റോറന്റ്,ഹോട്ടലുകള്‍,ഫര്‍ണീച്ചറുകള്‍,വീട്ടുപകരണങ്ങള്‍ എന്നിവയുടെ ചെലവ് മുന്‍മാസത്തെ അപേക്ഷിച്ച് മാര്‍ച്ചില്‍ യഥാക്രമം 1.92 ശതമാനവും 0.34 ശതമാനവും കുറഞ്ഞു.

വസ്ത്രങ്ങള്‍ക്കും പാദരക്ഷകള്‍ക്കുമുള്ള വില 1.88 ശതമാനം വര്‍ദ്ധിച്ചു. ഗതാഗത ചെലവ് 0.23 ശതമാനവും ഉയര്‍ന്നു. എന്നാല്‍ ഖത്തറിന്റെ വാര്‍ഷിക ഉപഭോക്തൃ വില സൂചിക മുന്‍വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് മാര്‍ച്ചില്‍ 0.98 ശതമാനം ഉയര്‍ന്നു. വിനോദവും സംസ്‌കാരവും (8.48 ശതമാനം),ആശയവിനിമയം (3.84 ശതമാനം), വിദ്യാഭ്യാസം (3.48 ശതമാനം), ഭക്ഷണപാനീയങ്ങള്‍ (2.73 ശതമാനം),ഫര്‍ണീച്ചര്‍,വീട്ടുപകരണങ്ങള്‍ (1.28 ശതമാനം) എന്നിവയാണ് വര്‍ഷം തോറും വിലയില്‍ കുതിച്ചുചാട്ടം നടത്തിയത്. വസ്ത്രങ്ങളുടേയും പാദരക്ഷകളുടേയും വിലയിലും ഭവനം,വെള്ളം,വൈദ്യുതി,മറ്റ് ഇന്ധനം എന്നിവയുടെ വിലയിലും വാര്‍ഷിക ഇടിവ് രേഖപ്പെടുത്തി.

2022 ല്‍ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിനാല്‍ ഖത്തര്‍ സമ്പദ് വ്യവസ്ഥ വന്‍ കുതിച്ചുചാട്ടം നടത്തിയിരുന്നു. എന്നാല്‍ സമീപഭാവിയില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ സ്ഥിരത കൈവരിക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) വ്യക്തമാക്കി. 2024 ലെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 1.9 ശതമാനം വളര്‍ച്ചയും പ്രവചിച്ചു.

സമീപകാല ആഗോള അസ്വസ്ഥതകളോടുള്ള ഖത്തറിന്റെ പ്രതിരോധം എടുത്തുകാണിച്ചുകൊണ്ട്, രാജ്യത്തിന്റെ സാമ്പത്തിക സാധ്യതകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് ഐഎംഎഫ് പ്രസ്താവിച്ചു. കൂടാതെ, ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷം ഖത്തറില്‍ വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.