image

26 Sep 2023 11:49 AM GMT

Middle East

യുഎഇയിലേക്ക് ഇന്ത്യ വെള്ള അരി കയറ്റുമതി ചെയ്യും

MyFin Desk

non-basmati white rice will be exported to uae
X

Summary

  • ജൂലൈ 20മുതലാണ് ഇന്ത്യ ബസ്മതി ഇതര വെള്ളഅരികയറ്റുമതി നരോധിച്ചത്
  • സമാനമായ സാഹചര്യം 2022ലും ഉടലെടുത്തിരുന്നു


യുഎഇയിലേക്ക് 75,000 ടണ്‍ ബസ്മതി ഇതര വെള്ള അരി കയറ്റുമതി ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കി. ആഭ്യന്തര വില പരിശോധിക്കുന്നതിനും ആഭ്യന്തര ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി ജൂലൈ 20 മുതലാണ് ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചത്.

യുഎഇയിലേക്കുള്ള കയറ്റുമതി നാഷണല്‍ കോഓപ്പറേറ്റീവ് എക്സ്പോര്‍ട്ട്സ് ലിമിറ്റഡ് വഴിയാണ് അനുവദിച്ചിരിക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനത്തില്‍ അറിയിച്ചു.

കയറ്റുമതി നയം ഭേദഗതി ചെയ്യുമ്പോള്‍, മറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന അനുമതിയുടെ അടിസ്ഥാനത്തിലും അവരുടെ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലുമാണ് കയറ്റുമതി അനുവദിക്കുകയെന്ന് ഡിജിഎഫ്ടി അറിയിച്ചു. സിംഗപ്പൂരിന്റെ ഭക്ഷ്യ സുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അരി കയറ്റുമതി അനുവദിക്കാന്‍ കഴിഞ്ഞ മാസം ഇന്ത്യ തീരുമാനിച്ചിരുന്നു.

ഇന്ത്യയില്‍ നിന്ന് ബസ്മതി ഇതര അരി ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബെനിന്‍. യുഎഇ, നേപ്പാള്‍, ബംഗ്ലാദേശ്, ചൈന, കോട്ട് ഡി ഐവയര്‍, ടോഗോ, സെനഗല്‍, ഗിനിയ, വിയറ്റ്‌നാം, ജിബൂട്ടി, മഡഗാസ്‌കര്‍, കാമറൂണ്‍, സൊമാലിയ, മലേഷ്യ, ലൈബീരിയ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.

2022 സെപ്റ്റംബറില്‍ ഇന്ത്യ കുത്തരിയുടെ കയറ്റുമതി നിരോധിക്കുകയും നെല്‍കൃഷിയുടെ വിസ്തൃതിയിലെ ഇടിവ് മൂലം ഉല്‍പ്പാദനം കുറവാണെന്ന ആശങ്കകള്‍ക്കിടയില്‍ പാരാബോയില്‍ഡ് അരി ഒഴികെ ബസ്മതി ഇതര അരിയുടെ കയറ്റുമതിക്ക് 20 ശതമാനം തീരുവ ചുമത്തുകയും ചെയ്തു. പിന്നീട് നവംബറില്‍ നിരോധനം നീക്കുകയായിരുന്നു.