1 Jun 2024 5:46 AM GMT
Summary
- 2024 ല്‍ ബ്ലോക്ക് ചെയ്തത് 1,117 വെബ്സൈറ്റുകള്‍
- ഇന്‍സ്റ്റാ ബ്ലോക്ക് എന്ന പേരിലാണ് നിയമലംഘകരെ ബ്ലോക്ക് ചെയ്യുന്ന സംരംഭം തുടങ്ങിയത്
- 2023 ല്‍ ബ്ലോക്ക് ചെയ്തത് 62 വെബ്സൈറ്റുകള്‍
സൈബര്‍ നിയമങ്ങള്‍ ലംഘിച്ച ആയിരത്തിലധികം അനധികൃത വെബ്സൈറ്റുകള്‍ യുഎഇ ബ്ലോക്ക് ചെയ്തു. യുഎഇ സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ മാധ്യമങ്ങളുടെ വിനോദ ഉള്ളടക്കം നിയമവിരുദ്ധമായി സംപ്രേഷണം ചെയ്ത വെബ്സൈറ്റുകളാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. രാജ്യത്ത് അനധികൃത വെബ്‌സൈറ്റുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.
മള്‍ട്ടിമീഡിയ കണ്ടന്റുകള്‍ക്ക് കൂടുതല്‍ ഡിമാന്റുള്ള റമദാന്‍ മാസത്തില്‍ അനധികൃത വെബ്സൈറ്റുകളെല്ലാം ബ്ലോക്ക് ചെയ്തതായി സാമ്പത്തിക മന്ത്രാലയത്തിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുള്‍ റഹ്‌മാന്‍ ഹസന്‍ അല്‍ മുഐനി പറഞ്ഞു. ഇന്‍സ്റ്റാ ബ്ലോക്ക് എന്ന പേരിലാണ് നിയമലംഘകരെ ബ്ലോക്ക് ചെയ്യുന്ന സംരംഭം തുടങ്ങിയത്. ഈ വര്‍ഷം 1,117 വെബ്സൈറ്റുകളാണ് നിയമലംഘനം നടത്തിയതിന് ബ്ലോക്ക് ചെയ്തത്.
യുഎഇയില്‍ ഈ വര്‍ഷം അനധികൃത വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതിന്റെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. 2023 ല്‍ വെറും 62 വെബ്സൈറ്റുകളാണ് ബ്ലോക്ക് ചെയ്തത്. അനധികൃത വെബ്സൈറ്റുകള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും കാര്യക്ഷമമായ പരിപാടികളാണ് നടപ്പിലാക്കുന്നത്. ഇന്‍സ്റ്റാ ബ്ലോക്ക് സംരംഭം വര്‍ഷം മുഴുവനുമുള്ള പരിപാടിയായി മാറുമെന്ന് അല്‍ മുഐനി വ്യക്തമാക്കി.