image

22 Jun 2023 5:00 PM GMT

Middle East

വേനലവധിയും പെരുന്നാളും; ദുബൈയില്‍നിന്ന് യാത്ര ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

MyFin Desk

traveling from dubai should be aware of these things
X

Summary

  • 35 ലക്ഷത്തിലധികം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു
  • തിരക്കിന് കാരണം മധ്യ വേനലവധിയും പെരുന്നാളും
  • കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ നടപടികള്‍ എളുപ്പത്തിലാക്കാന്‍ സ്മാര്‍ട്ട് ഗേറ്റുകൾ


വേനലവധിയും ബലിപെരുന്നാള്‍ അവധിയും വന്നതോടെ ദുബൈ വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിച്ചു. ജൂണ്‍ 20 മുതല്‍ ജൂലൈ മൂന്നാം തീയ്യതി വരെയുള്ള സമയത്ത് ഏതാണ്ട് 35 ലക്ഷത്തിലധികം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വിമാനത്താവളത്തില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം യാത്രക്കാര്‍ക്ക് ചില നിര്‍ദേശങ്ങളും അധികൃതര്‍ നല്‍കിത്തുടങ്ങി. പ്രതിദിനം ശരാശരി 2.52 ലക്ഷത്തിലധികം ആളുകള്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുമെന്നാണ് കരുതുന്നത്.

ജൂണ്‍ 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലാണ് ഏറ്റവുമധികം തിരക്ക് പ്രതീക്ഷിക്കുന്നത്. ജൂണ്‍ 24 തിരക്കേറിയ ദിവസമാണ്. അന്നു ഒരു ലക്ഷത്തോളം പേര്‍ ദുബൈയില്‍ നിന്ന് മറ്റ് നഗരങ്ങളിലേക്കുള്ള വിമാനങ്ങളില്‍ മാത്രം യാത്ര ചെയ്യും. ബലിപെരുന്നാളിന് ശേഷമുള്ള ദിവസങ്ങളില്‍ അവധി കഴിഞ്ഞ് തിരിച്ചെത്തുന്നവരുടെ തിരക്കും വര്‍ധിക്കും. ജൂലൈ രണ്ടിന് മൂന്ന് ലക്ഷത്തിലധികം യാത്രക്കാരെ ദുബൈ വിമാനത്താവളത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്.

എമിറേറ്റ്‌സ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഹോം ചെക്ക് ഇന്‍, ഏര്‍ലി ചെക്ക് ഇന്‍, സെല്‍ഫ് സര്‍വീസ് ചെക്ക് ഇന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ദുബൈയിലും അജ്മാനിലും എമിറേറ്റ്‌സിന് സിറ്റി ചെക്ക് ഇന്‍ സംവിധാനങ്ങളും ഉണ്ട്. ഫ്‌ളൈ ദുബൈ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് കുറഞ്ഞത് നാല് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണം. മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പാണ് എത്തേണ്ടത്. സമയം ലാഭിക്കാന്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് 12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ നടപടികള്‍ എളുപ്പത്തിലാക്കാന്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിക്കാം. ലഗേജുകള്‍ നേരത്തെ ഭാരം നോക്കിയും രേഖകള്‍ ക്രമപ്രകാരം തയ്യാറാക്കി വെച്ചും സുരക്ഷാ പരിശോധനയ്ക്ക് നേരത്തെ തയ്യാറാവുന്നതും യാത്ര എളുപ്പമാക്കാം. സുരക്ഷാ പ്രശ്‌നമുള്ള സാധനങ്ങളുമായി യാത്ര ചെയ്യുന്നത് ഒഴിവാക്കണം. ദുബൈ മെട്രോ ഉപയോഗിക്കുന്നവര്‍ക്ക് നേരിട്ട് വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിലേക്കും മൂന്നാം ടെര്‍മിനലിലേക്കും എത്താനാവും.