19 July 2023 12:45 PM
Summary
- ശുദ്ധമായ ഗ്രിഡ് വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഇലക്ട്രോലൈസര്‍ ഉപയോഗിച്ച് വെള്ളത്തില്‍ നിന്ന് ഹൈഡ്രജന്‍ ഉൽപ്പാദിപ്പിക്കാൻ പദ്ധതി
- പങ്കാളികളായി ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍, അല്‍ഫുതൈം മോട്ടോഴ്‌സ്
- 2031ഓടെ രാജ്യത്തെ ഏറ്റവും വലിയ ഹൈഡ്രജന്‍ ഉല്‍പ്പാദകരില്‍ ഒന്നാവുക ലക്‌ഷ്യം
അറബ് മേഖലയിലെ ആദ്യ ഹൈസ്പീഡ് ഹൈഡ്രജന്‍ ഇന്ധന സ്‌റ്റേഷന്റെ നിര്‍മാണം ആരംഭിച്ചതായി അഡ്‌നോക്. മസ്ദാര്‍ സിറ്റിയില്‍ അഡ്‌നോക് നിര്‍മിക്കുന്ന സ്‌റ്റേഷനില്‍ ശുദ്ധമായ ഗ്രിഡ് വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഇലക്ട്രോലൈസര്‍ ഉപയോഗിച്ച് വെള്ളത്തില്‍ നിന്ന് ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാനാണ് പദ്ധതിയിടുന്നത്.
കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഉല്‍പ്പാദനമില്ലാതെ ഹൈഡ്രജന്‍ വാഹനങ്ങള്‍ക്ക് ദൈര്‍ഘ്യമേറിയ ഡ്രൈവിംഗ് റേഞ്ചും വേഗത്തില്‍ ഇന്ധനം നിറയ്ക്കാനുള്ള സമയവും നല്‍കാന്‍ കഴിയും. ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍, അല്‍ഫുതൈം മോട്ടോഴ്‌സ് എന്നിവയുമായുള്ള പങ്കാളിത്തത്തോടെയാണ് അഡ്‌നോക് പദ്ധതി പ്രാവര്‍ത്തികമാക്കുക.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത അടിയന്തരമാണെന്ന് വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രിയും അഡ്‌നോക് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബിര്‍ പറഞ്ഞു. 2031ഓടെ രാജ്യത്തെ ഏറ്റവും വലിയ ഹൈഡ്രജന്‍ ഉല്‍പ്പാദകരില്‍ സ്ഥാനം പിടിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമായി അഡ്‌നോക് 15 ബില്ല്യണ്‍ ദിര്‍ഹമാണ് അനുവദിച്ചത്. 2030ഓടെ കാര്‍ബണ്‍ തീവ്രത 25 ശതമാനം കുറയ്ക്കുന്നതിനും 2050ഓടെ പരിപൂര്‍ണതയിലേക്ക് എത്തുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങളിലും പുതിയ ഊര്‍ജ്ജങ്ങളിലും ഡീകാര്‍ബണൈസേഷന്‍ സാങ്കേതികവിദ്യകളിലും നിക്ഷേപിക്കാനാണ് ഇത് ഉപയോഗപ്പെടുത്തുക.