image

3 May 2024 10:12 AM GMT

Middle East

യുഎഇയില്‍ മഴയ്ക്ക് ശമനം;വിമാനസര്‍വീസുകള്‍ സാധാരണനിലയില്‍

MyFin Desk

യുഎഇയില്‍ മഴയ്ക്ക് ശമനം;വിമാനസര്‍വീസുകള്‍ സാധാരണനിലയില്‍
X

Summary

  • ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളും തുടരും
  • വന്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
  • ഒമാന്റെ വടക്കന്‍ എമിറേറ്റുകളിലും ദോഫാറിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ


യുഎഇയില്‍ രണ്ട് ദിവസമായി തുടര്‍ന്ന കനത്ത മഴയ്ക്കും കാറ്റിനും ശമനം. നേരിയ തോതില്‍ ഇന്ന് മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളും തുടരും. വ്യോമഗതാഗത മേഖല സാധാരണ നിലയിലായതോടെ യാത്രക്കാര്‍ക്ക് ആശ്വാസമായി. 13 വിമാനങ്ങള്‍ റദ്ദാക്കുകയും അഞ്ച് വിമാനങ്ങള്‍ ഇന്നലെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയോടെ വിമാനത്താവളം പൂര്‍വസ്ഥിതിയിലായതായി അധികൃതര്‍ അറിയിച്ചു.

റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹന ഗതാഗതവും പലയിടങ്ങളിലും തടസ്സപ്പെട്ടിരുന്നു. അതിജാഗ്രതയോടെ അധികൃതരും മുന്നറിയിപ്പ് അനുസരിച്ച് ജനങ്ങളും പ്രവര്‍ത്തിച്ചതോടെ മഴ ദുരിതം വിതയ്ക്കാതെ കടന്നുപോയി. രാജ്യവ്യാപകമായി കനത്ത മഴ പെയ്തെങ്കിലും വന്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദുബായിലെ പാര്‍ക്കുകളും ബീച്ചുകളും മാര്‍ക്കറ്റുകളും ഇന്നലെ പകല്‍ അടച്ചെങ്കിലും വൈകുന്നേരത്തോടെ തുറന്നു. സൗദി,ഖത്തര്‍,കുവൈത്ത്,ബഹ്റിന്‍ എന്നിവിടങ്ങളിലും കനത്ത മഴ പെയ്തിരുന്നു.

ഒമാനില്‍ ഇന്ന് ശക്തമായ മഴയാണ് ലഭിക്കുന്നത്. ഒമാന്റെ വടക്കന്‍ എമിറേറ്റുകളിലും ദോഫാറിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. മഴ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിച്ചതിനാല്‍ അപകടങ്ങള്‍ ഒഴിവായി. മസ്‌കറ്റ്,തെക്കന്‍ ശര്‍ഖിയ,വടക്കന്‍ ശര്‍ഖിയ,തെക്കന്‍ ബാത്തിന,വടക്കന്‍ ബാത്തിന,ദാഖിലിയ,ദാഹിറ ഗവര്‍ണറേറ്റുകളിലും ദോഫാറിന്റെ വിവിധ ഭാഗങ്ങളിലും ശനിയാഴ്ച വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി മസ്‌കറ്റ് ഗവര്‍ണറേറ്റിലെ പാര്‍ക്കുകള്‍ അടച്ചു.