18 May 2023 6:37 AM GMT
Summary
- ലക്‌ഷ്യം ജിസിസി അംഗരാജ്യങ്ങളിലെ വാണിജ്യ സഞ്ചാരം സുഗമമാക്കുക
- പദ്ധതിയെ വീണ്ടും സജീവമാക്കിയത് 2021 ജനുവരിയിൽ ഒപ്പിട്ട അൽഉല പ്രഖ്യാപനം
- ഗതാഗതരംഗത്തെ വലിയ മാറ്റത്തിന് ഇടയാക്കും
ജിസിയുടെ ചരിത്രം തന്നെ മാറ്റി എഴുതുന്ന റെയില്‍ പദ്ധതി യാഥാര്‍ഥ്യത്തോടടുക്കുന്നു. ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയുടെ പണിയാണ് പുരോഗമിക്കുന്നത്. ജിസിസി അംഗരാജ്യങ്ങളിലെ വാണിജ്യ സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗള്‍ഫ് റെയില്‍വേ പദ്ധതിക്ക് രൂപം നല്‍കിയത്. 2,117 കിലോമീറ്ററാണ് ജിസിസി റയില്‍വേയുടെ ദൂരം.
ഗള്‍ഫ് രാജ്യങ്ങള്‍ അതത് മേഖലകളിലെ ജോലി പൂര്‍ത്തീകരിച്ച് ആദ്യഘട്ടം 2018ല്‍ യാഥാര്‍ഥ്യമാക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും എണ്ണവിലയിടിവും കൊവിഡ് മഹാമാരിയും കാരണം കൂടുതല്‍ മുന്നോട്ടുപോകാനായിരുന്നില്ല. എന്നാല്‍ 2021 ജനുവരിയില്‍ ഒപ്പിട്ട അല്‍ഉല പ്രഖ്യാപനമാണ് ജിസിസി റെയില്‍വേ പദ്ധതിയെ വീണ്ടും സജീവമാക്കിയത്. ജിസിസി റെയില്‍വേ അതോറിറ്റി അംഗരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനും പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കാനുമുള്ള പ്രയത്‌നത്തിലാണ്.
യുഎഇ യും സഊദി അറേബ്യയുമാണ് പദ്ധതിയിലേക്ക് ഏറ്റവും അടുത്ത രാഷ്ട്രങ്ങള്‍. എന്നാല്‍ ആറു രാജ്യങ്ങളിലെയും പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കപ്പെടുന്നതോടെ വികസന, വ്യാപാര രംഗത്ത് അത് വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടാക്കുക. സഊദിയില്‍ നിന്നും കുവൈത്തിലെ ഷദ്ദാദിയയുമായി ബന്ധിപ്പിച്ചുള്ള റെയില്‍പാതക്ക് കുവൈത്തില്‍ നൂറിലേറെ കിലോമീറ്റര്‍ ദൂരമാണുള്ളത്. യാത്രയും ചരക്കുനീക്കവും എളുപ്പമാക്കുകയും ചെലവു കുറക്കുകയും ചെയ്യുമെന്നതിനാല്‍ ഗതാഗതരംഗത്തെ വലിയ മാറ്റത്തിന് ഈ റെയില്‍പാത ഇടയാക്കും.
റെയില്‍വേ ശൃംഖലയുടെ പദ്ധതികള്‍ കുവൈത്തില്‍ പുരോഗമിക്കുകയാണ്. ഒരു ദശലക്ഷം ദിനാര്‍ ചെലവ് പ്രതീക്ഷിക്കുന്ന ആദ്യഘട്ട പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി പഠനവും രൂപരേഖയും തയ്യാറായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അബൂദബിയില്‍ കഴിഞ്ഞ ദിവസം സമാപിച്ച മിഡില്‍ ഈസ്റ്റ് റെയില്‍ എക്‌സിബിഷന്‍ ഏറെ ശ്രദ്ധേയമായിരുന്നു. അതിനിടെ യുഎഇ ഇക്കാര്യത്തില്‍ ഏറെ മുന്നേറ്റം നടത്തിയിട്ടുണ്ട്.
ഇത്തിഹാദ് റെയില്‍വേയുടെ 900 കിലോമീറ്റര്‍ പൂര്‍ത്തിയാക്കുകയും ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ചരക്കു നീക്കം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സൊഹാര്‍ തുറമുഖത്തെ ദേശീയ റെയില്‍ പാതയുമായി ബന്ധിപ്പിക്കുന്നതിന് ഒമാന്‍ റെയിലും ഇത്തിഹാദും ധാരണയായിട്ടുണ്ട്.
ഖത്തര്‍ റെയിലിന്റെ അടിസ്ഥാന സൗകര്യ വികസനവും രൂപ കല്‍പ്പനയുമെല്ലാം പൂര്‍ത്തിയായി. ബഹ്‌റൈനെ ബന്ധിപ്പിക്കുന്ന പാലം പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് കഴിഞ്ഞ ദിവസം റെയില്‍ എക്‌സിബിഷന്‍ നടന്നത്. ഉദ്ഘാടന ചടങ്ങില്‍ യുഎഇ ഉപരാഷ്ട്രപതിയും, ഉപപ്രധാനമന്ത്രിയും, പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പങ്കെടുത്തിരുന്നു.
ഗള്‍ഫ് രാജ്യങ്ങള്‍ക്കായുള്ള സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസെം മുഹമ്മദ് അല്‍ബുദൈവി, ഊര്‍ജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറജ് ഫാരിസ് അല്‍ മസ്‌റൂയി, യുഎഇയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഗതാഗത മന്ത്രിമാര്‍, സിഇഒമാര്‍, ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ കമ്പനികളുടെയും ഗതാഗത വ്യവസായത്തിന്റെ പ്രധാന വ്യക്തികളുടെയും നിര്‍മ്മാണ കമ്പനികളുടെയും പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. -
ദ്വിദിന പരിപാടിയില്‍ ലോകമെമ്പാടുമുള്ള 300ലധികം പ്രദര്‍ശകരും മേഖലയിലും പുറത്തും നിന്നുള്ള 400ലധികം വ്യവസായ പ്രമുഖരും ആതിഥേയത്വം നല്‍കി. പരിപാടിയുടെ അജണ്ടയില്‍ 100ലധികം പ്രബന്ധങ്ങള്‍, പാനലുകള്‍, അഭിമുഖങ്ങള്‍, ഡാറ്റ വിശകലനം തുടങ്ങിയവ നടന്നു. ഇത്തിഹാദ് റെയിലാണ് ഈ പ്രദര്‍ശനം സംഘടിപ്പിച്ചത്.