19 April 2024 6:44 AM GMT
Summary
- ഇസ്രയേല്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് ഇറാനിലെ വ്യോമഗതാഗതം താറുമാറായി
- തെഹ്‌റാനിലേക്ക് പറന്ന FZ 1929 വിമാനം ദുബായിലേക്ക് മടങ്ങി
- യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ മുന്‍നിര്‍ത്തി തീരുമാനമെന്ന് ഫ്‌ളൈ ദുബായ്
ഇറാനുനേരെ ഇസ്രയേല്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് ഇറാനിലെ വ്യോമഗതാഗതം താറുമാറായി. ഇറാനിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ മറ്റ് രാജ്യങ്ങള്‍ തയ്യാറായതോടെ യുഎഇയും സ്ഥിരീകരണം നടത്തി. ഔദ്യോഗിക മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഇറാനിലേക്കുള്ള തങ്ങളുടെ വിമാന സര്‍വീസ് റദ്ദാക്കിയതായി ഫ്‌ളൈ ദുബായ് എയര്‍ലൈന്‍ പ്രസ്താവനയിറക്കി.
തെഹ്‌റാന്‍ വിമാനത്താവളം(ഐകെഎ) അടച്ചതിനാല്‍ ഏപ്രില്‍ 19 ന് ദുബായില്‍ നിന്ന് തെഹ്‌റാനിലേക്ക് പറന്ന FZ 1929 വിമാനം ദുബായിലേക്ക് തിരിച്ചുപോന്നതായി ഒരു വക്താവ് അറിയിച്ചു. ആയതിനാല്‍ ഇന്ന് ഇറാനിലേക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി. ഞങ്ങളുടെ യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ മുന്‍നിര്‍ത്തി സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാകും സര്‍വീസ് പുനരാരംഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതോടെ അപ്‌ഡേറ്റ് ചെയ്യുമെന്നും അവര്‍ അറിയിച്ചു.
ഇറാനെതിരെ ഇസ്രയേല്‍ അതിശക്തമായ വ്യോമാക്രമണം നടത്തി. ഏപ്രില്‍ 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് ടെല്‍അവീവ് തെഹ്‌റാനെതിരെ മിസൈല്‍ ആക്രമണം നടത്തിയത്. ഇസ്ഫഹാന്‍ നഗരത്തിലാണ് ആക്രമണം നടന്നത്. ഇറാനെതിരെ നടന്ന ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ സേന പ്രതികരിച്ചിട്ടില്ല.