22 April 2024 11:59 AM GMT
Summary
- ഛായാഗ്രഹണത്തിന് നോ ഒബ്ജക്ഷന്‍ ലൈസന്‍സ് നല്‍കും
- ഇബ്ദാ സാംസ്‌കാരിക പ്ലാറ്റ്‌ഫോം വഴി കമ്മീഷന്‍ ലൈസന്‍സിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങും
- സ്വകാര്യമേഖലയെ ഉത്തേജിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും
സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സിംഗ് ഫീസ് ഫിലിം കമ്മീഷന്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് സൗദിയില്‍ സിനിമാ ടിക്കറ്റ് നിരക്കുകള്‍ ഗണ്യമായി കുറയുമെന്ന് പ്രതീക്ഷ. ലൈസന്‍സിങ്ങ് ഫീസ് കുറയ്ക്കാനുള്ള തീരുമാനത്തിന് സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുള്ള രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഫിലിം കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. സ്ഥിരവും താത്കാലികവുമായ സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സുകള്‍ക്കുള്ള ഫീസ്, പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള സിനിമാശാലകള്‍ക്കുള്ള ലൈസന്‍സുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഛായാഗ്രഹണത്തിന് നോ ഒബ്ജക്ഷന്‍ ലൈസന്‍സ് നല്‍കുന്നതിനൊപ്പം പ്രൊഡക്ഷന്‍ സ്റ്റുഡിയോകളുടെ പ്രവര്‍ത്തനത്തിനും ദൃശ്യ-ശ്രാവ്യ ഉള്ളടക്ക നിര്‍മ്മാണത്തിനും സിനിമാറ്റോഗ്രാഫിക് സിനിമകളുടെ വിതരണത്തിനും ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരപരിധി കൈമാറാന്‍ കമ്മീഷന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇബ്ദാ സാംസ്‌കാരിക പ്ലാറ്റ്‌ഫോം വഴി കമ്മീഷന്‍ ലൈസന്‍സിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങും.
ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ആകര്‍ഷകമായ പ്രമോഷനുകള്‍ നല്‍കുന്നതിനും സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി വേണ്ട നടപടികള്‍ ഫിലിം കമ്മീഷന്‍ സ്വീകരിക്കുന്നതാണ്. പ്രാദേശിക ബോക്‌സോഫീസില്‍ സൗദി സിനിമകളുടെ വിശാലമായ പ്രദര്‍ശനം നടത്തുന്നതാണ്. സൗദി അറേബ്യയിലെ ബോക്സ് ഓഫീസ് വര്‍ധിപ്പിക്കുന്നതിലൂടെയും ഈ മേഖലയിലെ കമ്പനികളുടെ സാമ്പത്തിക സംഭാവനകളിലൂടെയും സിനിമയിലെ സാംസ്‌കാരികവും സര്‍ഗ്ഗാത്മകവുമായ വൈവിധ്യത്തെ പിന്തുണയ്ക്കുന്നതിലൂടെയും ഫിലിം കമ്മീഷന്‍ അതിന്റെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരും. സിനിമാ മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും പൊതുജനങ്ങള്‍ക്ക് കാഴ്ചാനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്ന മത്സരാധിഷ്ഠിത അന്തരീക്ഷം വികസിപ്പിക്കുന്നതിന് പുറമേയാണിത്.