23 April 2024 11:56 AM GMT
Summary
- മൂന്ന് മുറികളുള്ള സ്യൂട്ട്,ബിസിനസ് ക്ലാസ്,ഇക്കണോമി സീറ്റുകള്‍ എന്നിവ സൂപ്പര്‍ ജംബോയില്‍ ഉള്‍പ്പെടുന്നു
- യുഎസ് വിപണിയില്‍ ബിസിനസ് ലക്ഷ്യമിടുന്നു
- കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ നീക്കം
യുഎഇയുടെ ഔദ്യോഗിക കാരിയറായ ഇത്തിഹാദ് എയര്‍വെയ്‌സ് അബുദാബിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് എയര്‍ബസ് എ380 ഡബിള്‍ ഡെക്കര്‍ സര്‍വീസിന് തുടക്കമിട്ടു. ഇവിടേയ്ക്കുള്ള ഇത്തിഹാദിന്റെ രണ്ട് പ്രതിദിന ഫ്‌ളൈറ്റുകളില്‍ ഒന്നാണ് എ380. അതേസമയം മറ്റൊന്ന് ബോയിംഗ് 787-9 ആയിരിക്കും.
മൂന്ന് മുറികളുള്ള സ്യൂട്ട്,ബിസിനസ് ക്ലാസ്,ഇക്കണോമി സീറ്റുകള്‍ എന്നിവ സൂപ്പര്‍ ജംബോയില്‍ ഉള്‍പ്പെടുന്നു. ഞങ്ങളുടെ നാലാമത്തെ യുഎസ് ഗേറ്റ്‌വേയായ ബോസ്റ്റണിലേക്കുള്ള പുതിയ റൂട്ട് ആരംഭിച്ച് മൂന്നാഴ്ചയ്ക്ക് ശേഷമാണ് പുതിയ എയര്‍ബസ് വരുന്നതെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് സിഇഒ അന്റോണാള്‍ഡോ നെവ്‌സ് പറഞ്ഞു. വടക്കേ അമേരിക്കന്‍ വിപണിയെ സേവിക്കുന്നതിനും വളര്‍ത്തുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ അടിവരയിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിസിനസ് യാത്രക്കാരെ മാത്രമല്ല എല്ലാ യാത്രക്കാര്‍ക്കും സമയബന്ധിതമായ മികച്ച സേവനം ഉറപ്പാക്കുമെന്ന് നെവ്‌സ് വ്യക്തമാക്കി. 2020 ല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് എയര്‍ലൈന്‍ അതിന്റെ എ380 സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു. കൂടാതെ 10 സൂപ്പര്‍-ജംബോ വിമാനങ്ങളും നിര്‍ത്തി. ഇത്തിഹാദിന്റെ ആകെ നാല് എ380 വിമാനങ്ങള്‍ ഇപ്പോള്‍ വീണ്ടും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.
യുഎസ് വിപണിയില്‍ ഇത്തിഹാദിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് എ380 സഹായിക്കും. ഇത് വിശാലമായ മിഡില്‍ ഈസ്റ്റിലേക്കും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കും കണക്ഷനുകള്‍ നല്‍കുന്നുണ്ട്. അബുദാബിയിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും പുതുക്കിയ വിമാന സര്‍വീസുകള്‍ വഴി സാധിക്കും.
ആകാശലോകത്തിലെ മൂന്ന് മുറികളുള്ള ഏക സ്യൂട്ടാണ് ഇത്തിഹാദിന്റെ റെസിഡന്‍സ്. ഇതില്‍ രണ്ട് അതിഥികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ലിവിങ്ങ് റൂം,ബെഡ്‌റൂം,40,000 അടി ഉയരത്തില്‍ ഷവര്‍ ഉള്ള ഇന്‍സ്യൂട്ട് ബാത്ത് റൂം എന്നിവ എയര്‍ബസിന്റെ പ്രത്യേകതകളാണ്.