22 May 2024 11:40 AM GMT
Summary
- ബ്ലൂ കോളര്‍ തൊഴിലാളികളുടെ ആവശ്യം യുഎഇയില്‍ 25 ശതമാനം വര്‍ധിച്ചു
- നൈപുണ്യമില്ലാത്ത തൊഴിലാളികള്‍ക്ക് ഡിമാന്റ് കുറയുന്നു
- സാങ്കേതികവിദ്യ,നിര്‍മ്മാണം,ആരോഗ്യ മേഖലകളില്‍ തൊഴിലവസരം
ഇന്ത്യയില്‍ നിന്നുള്ള വൈദഗ്ധ്യമുള്ള ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്ക് യുഎഇയില്‍ ഡിമാന്റേറുന്നു. ഇത്തരം തൊഴിലാളികളുടെ ആവശ്യം യുഎഇയില്‍ 25 ശതമാനം വര്‍ധിച്ചു. സാങ്കേതികവിദ്യ,ആരോഗ്യ സംരക്ഷണം,നിര്‍മ്മാണം തുടങ്ങിയ മേഖലകളിലാണ് ഇന്ത്യാക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ഏറെയും ലഭിക്കുന്നത്. 2023 മെയ് മുതല്‍ 2024 ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള വൈദഗ്ധ്യമുള്ള ബ്ലൂ കോളര്‍ തൊഴിലാളികളുടെ ആവശ്യം മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനം വര്‍ധിച്ചതായി ബ്ലൂ കോളര്‍ വര്‍ക്കര്‍ മാര്‍ക്കറ്റ് പ്ലെയ്‌സ് ഹണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രീഷ്യന്‍മാര്‍,പ്ലംബര്‍മാര്‍,ടെക്‌നീഷ്യന്‍മാര്‍ എന്നിവരുടെ ആവശ്യം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 മുതല്‍ 25 ശതമാനം നിരക്കില്‍ വളര്‍ന്നു. എന്നിരുന്നാലും നൈപുണ്യമില്ലാത്ത തൊഴിലാളികളുടെ ആവശ്യം ഏകദേശം പത്ത് മുതല്‍ പതിനഞ്ച് ശതമാനത്തിന്റെ മിതമായ വര്‍ധനയാണ് കണ്ടത്. ഇത് നൈപുണ്യമില്ലാത്ത തൊഴിലാളികളുടെ കുടിയേറ്റത്തില്‍ 10 ശതമാനം കുറവുണ്ടാക്കുന്നു.
കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ തെരഞ്ഞെടുക്കപ്പെട്ട ഒരു ലക്ഷത്തിലധികം ബ്ലൂ കോളര്‍ തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സര്‍വേകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. യുഎഇയുടെ അടിസ്ഥാന സൗകര്യ പദ്ധതികള്‍, ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം, വിവിധ മേഖലകളില്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ സ്വീകരിക്കല്‍ എന്നിവയാണ് ബ്ലൂ കോളര്‍ തൊഴിലാളികളുടെ ആവശ്യകതയ്ക്ക് കാരണമായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെയാണ് കൂടുതലും ബ്ലൂ കോളര്‍ തൊഴില്‍ മേഖലയിലേക്ക് തെരഞ്ഞെടുക്കുന്നത്. ഉത്തര്‍പ്രദേശ്, ബീഹാര്‍, കേരളം, തമിഴ്നാട്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികളാണ് യുഎഇയുടെ തൊഴില്‍ ശ്രേണിയില്‍ അധികവും. വൈദഗ്ധ്യമുള്ള ഇന്ത്യന്‍ പ്രവാസികള്‍ യുഎഇയുടെ ദര്‍ശനപരമായ വളര്‍ച്ചാ പദ്ധതികളെ പിന്തുണയ്ക്കുക മാത്രമല്ല, ആധുനിക സാങ്കേതിക വിദ്യകളിലേക്കും സമ്പ്രദായങ്ങളിലേക്കും വിലമതിക്കാനാവാത്ത സംഭാവനയും നല്‍കുന്നു.
പുതിയ ട്രെന്‍ഡ് ഇന്ത്യയ്ക്കും യുഎഇയ്ക്കും ഗുണം ചെയ്യും. ഇന്ത്യയില്‍ നിന്നെത്തുന്ന തൊഴിലാളികള്‍ യുഎഇയില്‍ ജോലി ചെയ്തശേഷം നാട്ടിലേക്ക് മടങ്ങുമ്പോള്‍ തങ്ങളുടെ വൈദഗ്ധ്യം സ്വദേശത്തും പ്രകടിപ്പിക്കാനാകും. ഇത് ഇന്ത്യന്‍ തൊഴില്‍മേഖലയ്ക്കും ഗുണകരമാകും. പുതിയ നൈപുണ്യവും അറിവും നേടി തിരിച്ചുവരുന്ന തൊഴിലാളികള്‍ അവരുടെ സ്വന്തം പ്രദേശങ്ങളുടെ വികസനത്തിനും സംഭാവന നല്‍കുമെന്നും ഹണ്ടര്‍ സിഇഒ സാമുവല്‍ ജോയ് പറഞ്ഞു.