image

13 May 2024 10:10 AM GMT

Middle East

റെക്കോര്‍ഡ് ലാഭം കൊയ്ത് എമിറേറ്റ്‌സ് ഗ്രൂപ്പ്;ജീവനക്കാര്‍ക്ക് വേതനത്തിന് തുല്യമായ ബോണസ്

MyFin Desk

emirates group posts record profit
X

Summary

  • 2023-24 ല്‍ എമിറേറ്റ്‌സിന്റേയും ദുബായ് നാഷണല്‍ എയര്‍ ട്രാവല്‍ ഏജന്‍സിയുടേയും വരുമാനം 137.3 ബില്യണ്‍ ദിര്‍ഹം
  • ജീവനക്കാര്‍ക്ക് 20 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ ബോണസ്
  • ജീവനക്കാരുടെ എണ്ണം 10 ശതമാനം വര്‍ധിച്ച് 1,12406 ആയി


ദുബായ് അസ്ഥാനമായുള്ള എമിറേറ്റ്‌സ് ഗ്രൂപ്പിന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 18.7 ബില്യണ്‍ ദിര്‍ഹത്തിന്റെ റെക്കോര്‍ഡ് ലാഭം. എയര്‍ലൈനിന്റെ ലാഭം,വരുമാനം,ക്യാഷ് ബാലന്‍സ് തലങ്ങളിലാണ് നേട്ടം കൈവരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ആപേക്ഷിച്ച് 71 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപഭോക്തൃ ആവശ്യകത വര്‍ധിച്ചതിനാല്‍ ലോകമെമ്പാടുമുള്ള പ്രവര്‍ത്തനങ്ങള്‍ എമിറേറ്റ്‌സ് വിപുലീകരിച്ചു. 2023-24 ല്‍ എമിറേറ്റ്‌സിന്റേയും ദുബായ് നാഷണല്‍ എയര്‍ ട്രാവല്‍ ഏജന്‍സിയുടേയും ലാഭവും വരുമാനവും വര്‍ധിച്ചു. കമ്പനിയുടെ വരുമാനം 137.3 ബില്യണ്‍ ദിര്‍ഹം ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം വര്‍ധന രേഖപ്പെടുത്തി.

അതേസമയം കമ്പനിയുടെ ക്യാഷ് ബാലന്‍സ് 47.1 ബില്യണ്‍ ദിര്‍ഹം ആയിരുന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വച്ചേറ്റവും ഉയര്‍ന്ന സംഖ്യയാണിത്. 2023 നെ അപേക്ഷിച്ച് പതിനൊന്ന് ശതമാനം വര്‍ധനയും രേഖപ്പെടുത്തി. റെക്കോര്‍ഡ് പ്രകടനത്തിന്റെ സന്തോഷ സൂചകമായി ജീവനക്കാര്‍ക്ക് ഇരുപത് ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ ബോണസ് അനുവദിച്ചു. അവരുടെ മെയ് മാസത്തെ ശമ്പളത്തോടൊപ്പം ബോണസും ലഭിക്കും. ജീവനക്കാരുടെ എണ്ണം പത്ത് ശതമാനം വര്‍ധിച്ച് 1,12406 ആയി.

എമിറേറ്റ്‌സും ദുബായ് നാഷണല്‍ ട്രാവല്‍ ഏജന്‍സിയും ദുബായിയുടെ അതുല്യമായ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി വിജയകരമായ ബിസിനസ് മോഡലുകള്‍ സൃഷ്ടിച്ചതായി എമിറേറ്റ്‌സ് എയര്‍ലൈന്‍ ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതില്‍ തങ്ങള്‍ വിജയിച്ചതായി അദ്ദേഹം വ്യക്തമാക്കി. ലക്ഷക്കണക്കിന് ഡോളറിന്റെ എയര്‍ക്രാഫ്റ്റ് ഫ്‌ളീറ്റ്-ക്യാബിന്‍ ക്രൂ റിന്യൂവല്‍ പ്രോഗാം;പുതിയ കാറ്ററിംഗ്,കാര്‍ഗോ,ഗ്രൗണ്ട് ഹാന്‍ഡലിംഗ് പ്രോഗ്രാം;ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യകള്‍;പരിശീലനവും ജനകീയ വികസന പരിപാടികളും തുടങ്ങി പ്രധാന പദ്ധതികള്‍ ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്. മാത്രമല്ല 2023-24 കാലയളവില്‍ പുതിയ വിമാനങ്ങള്‍,സൗകര്യങ്ങള്‍,ഉപകരണങ്ങള്‍,കമ്പനികള്‍,ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ എന്നിവയില്‍ എമിറേറ്റ്‌സ് ഗ്രൂപ്പ് 8.8 ബില്യണ്‍ ദിര്‍ഹം നിക്ഷേപിച്ചു.

പരിസ്ഥിതി,ഉപഭോക്താക്കള്‍,കമ്യൂണിറ്റികള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിരവധി സംരംഭങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി കൊണ്ട് 2023-24 കാലയളവില്‍ സുസ്ഥിര യാത്രയില്‍ കാര്യമായ മുന്നേറ്റം നടത്തി. ഇതേ കാലയളവില്‍ എമിറേറ്റ്‌സ് അതിന്റെ ദുബായ് ഹബ്ബില്‍ ആദ്യമായി സുസ്ഥിര വ്യോമയാന ഇന്ധനം ഉയര്‍ത്തുന്നതിനായി പുതിയ വിതരണ കരാറുകളില്‍ ഒപ്പുവച്ചിരുന്നു.