image

5 April 2024 8:26 AM GMT

Middle East

ദുബായിലെ പള്ളികളില്‍ 20 വര്‍ഷം സേവനമനുഷ്ടിച്ചവര്‍ക്ക് ഗോള്‍ഡന്‍ വിസ

MyFin Desk

ദുബായിലെ പള്ളികളില്‍ 20 വര്‍ഷം സേവനമനുഷ്ടിച്ചവര്‍ക്ക് ഗോള്‍ഡന്‍ വിസ
X

Summary

  • പള്ളികളില്‍ 20 വര്‍ഷത്തിലധികം സേവനമനുഷ്ടിച്ചവര്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കുന്നത്
  • പെരുന്നാളിന് ഇമാമുമാര്‍ക്ക് സാമ്പത്തിക പ്രതിഫലം നല്‍കും
  • മാര്‍ച്ചില്‍ ഇമാമുമാരുടേയും മുഅദികളുടേയും ശമ്പളം വര്‍ദ്ധിപ്പിച്ചിരുന്നു


ദുബായിലെ പള്ളികളില്‍ 20 വര്‍ഷത്തിലധികം സേവനമനുഷ്ടിച്ച ഇമാമുമാര്‍,മുഅദീനുകള്‍(മുക്രി),മുഫ്തികള്‍ എന്നിവര്‍ക്കും മതഗവേഷകര്‍ക്കും ഗോള്‍ഡന്‍ വിസ അനുവദിച്ചു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഈദ് അല്‍ ഫിത്തറിനോടനുബന്ധിച്ചാണ് പ്രഖ്യാപനം. കൂടാതെ പെരുന്നാളിന് അവര്‍ക്ക് കൂടുതല്‍ സാമ്പത്തിക പ്രതിഫലവും നല്‍കും.

വിദേശ പൗരന്മാര്‍ക്ക് രാജ്യത്ത് താമസിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ അനുവദിക്കുന്ന ദീര്‍ഘകാല യുഎഇ റസിഡന്‍സി പെര്‍മിറ്റാണ് അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയുള്ള ഗോള്‍ഡന്‍ വിസ. കുടുംബാംഗങ്ങളെ അവരുടെ പ്രായം പരിഗണിക്കാതെ സ്‌പോണ്‍സര്‍ ചെയ്യുക, പരിധിയില്ലാത്ത ഗാര്‍ഹിക സഹായങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുക, സാധാരണയായി നിശ്ചയിച്ചിട്ടുള്ള ആറ് മാസത്തില്‍ കൂടുതല്‍ യുഎഇക്ക് പുറത്ത് താമസിക്കാനുള്ള സൗകര്യം എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങള്‍ ഈ വിസ വിഭാഗം നല്‍കുന്നു.

മാര്‍ച്ചില്‍ ഇമാമുമാരുടേയും മുഅദികളുടേയും ശമ്പളം വര്‍ദ്ധിപ്പിക്കാനും ഷെയ്ഖ് ഹംദാന്‍ ഉത്തരവിട്ടിരുന്നു. ദുബായിലെ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപാര്‍ട്ട്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പള്ളികളില്‍ സേവനമനുഷ്ടിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.