3 July 2023 3:15 PM GMT
ദുബൈയില്‍ മെട്രോ ഉള്‍പ്പടെയുള്ള ഗതാഗത സംവിധാനങ്ങളില്‍ ഉപയോഗിക്കുന്ന നോള്‍ കാര്‍ഡ് സൗകര്യം രണ്ടായിരത്തിലധികം കടകളിലും പ്രയോജനപ്പെടുത്താം. ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുമായി (ആര്‍.ടി.എ) ബന്ധപ്പെടുത്തിയാണ് വിവിധ ഷോപ്പിങ് ആവശ്യങ്ങള്‍ക്കായി നോള്‍ കാര്‍ഡ് ഉപയോഗിക്കാനാകുന്നത്. നീല, സില്‍വര്‍, ഗോള്‍ഡ് കാര്‍ഡുകള്‍ ഇതിനായി ഉപയോഗിക്കാം.
പാര്‍ക്കിംഗ് പേയ്‌മെന്റ് മെഷീനുകളില്‍ പണമടക്കാന്‍ കാര്‍ഡ് സ്ലോട്ടിലേക്ക് നോള്‍ കാര്‍ഡ് ഇടുകയും കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എമിറേറ്റ് പ്ലേറ്റ് കോഡും നമ്പറും നല്‍കുകയുമാണ് വേണ്ടത്. തുടര്‍ന്ന് പാര്‍ക്കിംഗ് ദൈര്‍ഘ്യം തിരഞ്ഞെടുക്കുക. തുക നോള്‍ കാര്‍ഡിന്റെ ബാലന്‍സില്‍ നിന്ന് ഓട്ടോമാറ്റിക് ആയി കുറയും.
ബസ്, മെട്രോ, വാട്ടര്‍ ബസുകള്‍, ആര്‍ടിഎ ടാക്‌സി, പൊതു ടാക്‌സി എന്നിങ്ങനെ ദുബൈയിലെ മിക്കവാറും എല്ലാ പൊതുഗതാഗത സംവിധാനങ്ങളുടെയും സേവനം നേടുന്നതിന് നിങ്ങള്‍ക്ക് നോള്‍ കാര്‍ഡ് ഉപയോഗിക്കാം. മോണോ റെയിലിനും ഇതിലൂടെ പണം അടക്കാം. പൊതു പാര്‍ക്കുകളിലും എത്തിഹാദ് മ്യൂസിയത്തിലും ഇതുപയോഗിച്ച് പ്രവേശിക്കാനാകും. പൊതു പാര്‍ക്കുകളില്‍ പ്രവേശിക്കുന്നതിനുള്ള ചെലവ് ഒരാള്‍ക്ക് 3 ദിര്‍ഹം മുതല്‍ 5 ദിര്‍ഹം വരെയാണ്.
ആര്‍ടിഎയുമായി സഹകരണമുള്ള 2,000ത്തിലധികം ഭക്ഷണ, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ ദുബൈയില്‍ ഉണ്ട്. വാഹനമോടിക്കുന്നവര്‍ക്ക് അവരുടെ നോള്‍ കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിനും പര്‍ച്ചേസുകള്‍ നടത്തുന്നതിനും എല്ലാ ഇനോക് ഫ്യുവല്‍ സ്‌റ്റേഷനുകളിലും സാധിക്കും.