30 Jan 2024 4:58 AM GMT
Summary
- എസ്എംഇ വ്യവസായങ്ങളുടെ വളർച്ചയ്ക്ക് ദുബായ് ഇന്റർനാഷണൽ ഗ്രോത്ത് ഫണ്ട്"
- എമിറേറ്റ്‌സ് എൻബിഡി യോഗ്യതയുള്ള കമ്പനികൾക്ക് മത്സര നിരക്കിൽ ധനസഹായം
- ഉടമയുടെ ദേശീയത പരിഗണിക്കാതെ വളരുവാൻ പിന്തുണ നൽകും
ദുബായ് ചെറുകിട ഇടത്തര വ്യവസായങ്ങളുടെ (എസ്എംഇ) വളർച്ചയ്ക്കും ആഗോളതല വിപുലീകരണത്തിനുമായി 500 മില്യൺ ദിർഹം (136 മില്യൺ ഡോളർ) ഫണ്ട് പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ദുബായ് സർക്കാറും എമിറേറ്റ്സ് എൻബിഡിയും ചേർന്ന് രൂപീകരിച്ച "ദുബായ് ഇന്റർനാഷണൽ ഗ്രോത്ത് ഫണ്ട്" ചെറുകിട വ്യവസായങ്ങളുടെ വളർച്ചയ്ക്ക് സഹായകമാകും. എമിറേറ്റിലെ മുഖ്യ തന്ത്രപ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ സംരംഭം. ദുബായിയെ തങ്ങളുടെ പ്രാരംഭ കേന്ദ്രമായി തിരഞ്ഞെടുത്ത ലോകമെമ്പാടുമുള്ള സംരംഭകർക്ക് പ്രാദേശികമായും അന്താരാഷ്ട്രതലത്തിലും സ്ഥിരമായ പിന്തുണ നൽകുമെന്നും, ദുബായ് സാമ്പത്തിക അജണ്ട D33 യുടെ ലക്ഷ്യങ്ങൾ നേടുന്നതിന് സംരംഭകരുടെ പങ്കാളിത്തം അനിവാര്യമാണ്" എന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.
എമിറേറ്റ്‌സ് എൻബിഡി യോഗ്യതയുള്ള കമ്പനികൾക്ക് മത്സര നിരക്കിൽ ധനസഹായം നൽകും. ഉദ്യമത്തിന് മാർഗനിർദേശം നൽകുന്നതിനും യോഗ്യരായ എസ്എംഇകളെ തിരഞ്ഞെടുക്കുന്നതിനും ഉത്തരവാദിത്തമുള്ള ദുബായ് ഗവൺമെൻ്റിൻ്റെയും എമിറേറ്റ്‌സ് എൻബിഡിയുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു സംയുക്ത സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കും.
ദുബായിൽ സ്ഥാപിതമായ എല്ലാ എസ്എംഇകൾക്കും, ഉടമയുടെ ദേശീയത പരിഗണിക്കാതെ, അന്താരാഷ്ട്ര തലത്തിൽ വളരുവാനും ബിസിനസുകളെ ശാക്തീകരിക്കുന്നതിനുമാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫിനാൻസിംഗ് പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഫെബ്രുവരിയിൽ എമിറേറ്റ്സ് എൻബിഡി പ്രഖ്യാപിക്കും.