1 April 2024 9:28 AM GMT
Summary
- ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് 16 ബസ് സ്റ്റേഷനുകളും 6 ഡിപ്പോകളും ഉടന്‍ തുറക്കും
- മൂന്ന് വര്‍ഷത്തെ വികസന പദ്ധതിയ്ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്
- അഞ്ച് സ്റ്റേഷനുകളില്‍ ബസ് പാര്‍ക്കിംഗ് യാര്‍ഡുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്യും
ദുബായില്‍ പൊതുഗതാഗതരംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നു. 16 ബസ് സ്റ്റേഷനുകളും ആറ് ബസ് ഡിപ്പോകളും ഉടന്‍ തുറക്കും. മൂന്ന് വര്‍ഷത്തെ വികസന പദ്ധതിയ്ക്കാണ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) കരാര്‍ നല്‍കിയിരിക്കുന്നത്. പൊതുഗതാഗത സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ജനങ്ങള്‍ യാത്രാ ആവശ്യങ്ങള്‍ക്കായി പൊതുഗതാഗതം തെരഞ്ഞെടുക്കാന്‍ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് നീക്കം.
യാത്രക്കാരുടെ സന്തോഷത്തിന് സംഭാവന നല്‍കുന്ന സേവനങ്ങള്‍ വാഗ്ദാനം ചെയ്യല്‍, നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍ക്ക് പ്രവേശനക്ഷമത മെച്ചപ്പെടുത്തല്‍, സൈക്കിള്‍ റാക്കുകള്‍ നല്‍കല്‍, ദുബായ് മെട്രോ, ടാക്‌സി സേവനങ്ങള്‍ എന്നിവയുമായി തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കല്‍ എന്നിവ ആര്‍ടിഎയുടെ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ദെയ്‌റയിലെ ഒമ്പത് സ്റ്റേഷനുകളും ബര്‍ ദുബായിലെ ഏഴ് സ്റ്റേഷനുകളും ഉള്‍പ്പെടെ 16 സ്റ്റേഷനുകള്‍ മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സിറ്റി സെന്റര്‍, അല്‍ ഗുബൈബ, യൂണിയന്‍, അല്‍ സത്വ, അല്‍ റഷ്ദിയ, അബു ഹെയില്‍, ഇത്തിസലാത്ത്, അല്‍ കരാമ എന്നിവിടങ്ങളിലാണ് നവീകരണം. പദ്ധതിയുടെ ഭാഗമായി ബസ് പാസഞ്ചര്‍ ടെര്‍മിനലുകള്‍ നവീകരിക്കുകയും തിരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ പ്രാര്‍ത്ഥനാ മുറികള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.
അല്‍ ഖവാനീജ്, അല്‍ ഖുസൈസ്, അല്‍ റുവിയ്യ, അല്‍ അവീര്‍, ജബല്‍ അലി, അല്‍ ഖൂസ് എന്നിവിടങ്ങളിലെ ആറ് ബസ് ഡിപ്പോകളിലും പദ്ധതി വികസിപ്പിക്കും. പരിശോധനാ പാതകളുടെ നവീകരണം, എഞ്ചിന്‍ വാഷ് ലെയ്നുകള്‍ നല്‍കല്‍, ഡ്രെയിനേജ് സിസ്റ്റം മെച്ചപ്പെടുത്തല്‍, ഫ്‌ലോര്‍ മെയിന്റനന്‍സ്, പുതിയ സിസ്റ്റം ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കല്‍, പൊതു സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കല്‍ എന്നിവ ഇതില്‍പ്പെടും.
ജബല്‍ അലി, അല്‍ഖൂസ് ഡിപ്പോകളില്‍ ഡ്രൈവര്‍മാര്‍ക്കുള്ള താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം ട്രാഫിക് സിഗ്‌നലുകള്‍ സ്ഥാപിക്കുകയും നടപ്പാതകള്‍ നിര്‍മിക്കുകയും ചെയ്യും. അഞ്ച് സ്റ്റേഷനുകളില്‍ ബസ് പാര്‍ക്കിംഗ് യാര്‍ഡുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്യും. അല്‍ ഖവാനീജ്, അല്‍ റുവിയ്യ, അല്‍ അവീര്‍ ഡിപ്പോകളിലായിരിക്കും ആദ്യഘട്ട പരീക്ഷണ മേഖല. 2021ല്‍, അല്‍ ഗുബൈബ, യൂണിയന്‍, അല്‍ ജാഫിലിയ, ഔദ് മേത്ത, അല്‍ സത്വ, ഇത്തിസലാത്ത്, അല്‍ ബരാഹ, ഇന്റര്‍നാഷണല്‍ സിറ്റി, ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ടെര്‍മിനല്‍ 3) എന്നിവയുള്‍പ്പെടെ ദുബായിലെ പ്രധാന മേഖലകളിലായി നിരവധി പൊതു ബസ് സ്റ്റേഷനുകളുടെ നിര്‍മാണം ആര്‍ടിഎ പൂര്‍ത്തിയാക്കി.