24 April 2024 8:25 AM GMT
ദുബായ് ഗ്ലോബല്‍ വില്ലേജിലേക്ക് പോരൂ;12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം
MyFin Desk
Summary
- ഗ്ലോബല്‍ വില്ലേജ് സീസണ്‍ ഏപ്രില്‍ 28 ന് അവസാനിക്കും
- മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 65 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ടിക്കറ്റുകള്‍ സാധാരണയായി സൗജന്യം
- അടുത്ത സീസണ്‍ ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കും
ദുബായ് ഗ്ലോബല്‍ വില്ലേജിലേക്ക് കൂടുതല്‍ കുടുംബങ്ങളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്നു. സീസണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സന്ദര്‍ശകരുടെ ഒഴുക്കാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം അനുവദിച്ചു. ആറ് മാസമായി പ്രവര്‍ത്തിച്ചുവരുന്ന ഗ്ലോബല്‍ വില്ലേജ് സീസണ്‍ ഏപ്രില്‍ 28 ന് അവസാനിക്കും. അടുത്ത സീസണ്‍ ഈ വര്‍ഷം ഒക്ടോബറില്‍ തുടങ്ങും.
നിലവിലെ സീസണില്‍ പാര്‍ക്കില്‍ രണ്ട് തരം ടിക്കറ്റുകളുണ്ട്. ഒന്നാമത്തേത് ഞായര്‍ മുതല്‍ വ്യാഴം വരെ സാധുതയുള്ള വാല്യു ടിക്കറ്റും രണ്ടാമത്തേത് പൊതുഅവധി ദിനങ്ങള്‍ ഉള്‍പ്പെടെ ആഴ്ചയിലെ ഏത് ദിവസവും ഉപയോഗിക്കാവുന്ന എനി ഡേ ടിക്കറ്റും. 22.50 ദിര്‍ഹമാണ് വാല്യൂ ടിക്കറ്റ് നിരക്ക്. ഓണ്‍ലൈനായോ ആപ്പ് വഴിയോ ബുക്ക് ചെയ്താല്‍ എനി ഡേ ടിക്കറ്റിന് 27 ദിര്‍ഹമാണ് നിരക്ക്.
മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 65 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ടിക്കറ്റുകള്‍ സാധാരണയായി സൗജന്യമാണ്.
ലോകത്തിലെ ഏറ്റവും വലിയ വിനോദകച്ചവട പ്രദര്‍ശനമാണ് ഗ്ലോബല്‍ വില്ലേജ്. അമ്പതിലധികം രാജ്യങ്ങളില്‍ നിന്ന് കച്ചവടക്കാരും കലാകാരന്മാരും വിനോദസഞ്ചാരികളും ഇവിടേക്ക് എത്തിയിട്ടുണ്ട്. ദുബായ് ലാന്‍ഡ് എന്ന പ്രദര്‍ശന സമുച്ചയത്തിലാണ് ഈ പ്രദര്‍ശന മേള നടക്കുന്നത്.