20 July 2023 10:32 AM
Summary
- ത്രീഡി പ്രിന്റിങ് കെട്ടിട നിര്‍മാണം വരുന്നത് ദുബൈയിലെ അല്‍ അവീര്‍ വണ്ണിൽ
- മനുഷ്യാധ്വാനവും ചെലവും കുറയും
- ജപ്പാനിൽ തുടക്കം
അനുദിനം മാറിക്കൊണ്ടിരിക്കുന്ന ദുബൈ നഗരത്തില്‍ വിപ്ലവമായി ഇനി ത്രിഡി പ്രിന്റിങ്ങ് ബില്‍ഡിങ്ങുകളും. പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് എങ്ങനെ നിര്‍മാണ മേഖലയെ ചെലവു ചുരുക്കാനും വേഗത്തിലാക്കാനും കഴിയുമെന്ന ആലോചനയിലാണ് പുതിയ സാങ്കേതികവിദ്യ ഇവിടെ ഉപയോഗിക്കുന്നത്. ത്രീഡി പ്രിന്റിങ് സങ്കേതത്തില്‍ നിര്‍മിക്കുന്ന സ്വകാര്യ വില്ലയ്ക്ക് നിര്‍മാണ ലൈസന്‍സ് നല്‍കിയിരിക്കയാണ് ദുബൈ മുനിസിപ്പാലിറ്റി.
ദുബൈയിലെ അല്‍ അവീര്‍ വണ്ണിലാണ് ഇത് വരുന്നത്. നാലു മീറ്റര്‍ ഉയരമുള്ള കെട്ടിടമാണ് ഇതിലൂടെ നിര്‍മിക്കാന്‍ പോകുന്നത്. ത്രീ ഡി സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്ന സ്വകാര്യ കെട്ടിടത്തിന് നിര്‍മാണ അനുമതി നല്‍കിയതായി ദുബൈ മുനിസിപ്പാലിറ്റിയിലെ ബില്‍ഡിങ്ങ് റെഗുലേഷന്‍ ആന്റ് പെര്‍മിറ്റ് ഏജന്‍സിയുടെ ആക്റ്റിങ് സിഇഒ മറിയം അല്‍ മുഹൈരിയാണ് അറിയിച്ചത്. കരാറുകാര്‍, എന്‍ജിനീയര്‍മാര്‍, നിക്ഷേപകര്‍, റിയല്‍ എസ്‌റ്റേറ്റുകാര്‍ തുടങ്ങിയവരെയെല്ലാം പുതിയ സാങ്കേതിക വിദ്യ പരിചയപ്പെടുത്താന്‍ കൂടിയാണ് അധികൃതരുടെ ഈ നടപടിയെന്നും പ്രാദേശിക മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രിന്റിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെലവ് കുറച്ചും മനുഷ്യാധ്വാനം കുറച്ചും സമയം കുറച്ചും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നതാണ് ത്രീ ഡി നിര്‍മാണപ്രക്രിയയിലൂടെ സാധ്യമാവുന്നത്. കമ്പ്യൂട്ടറില്‍ നല്‍കുന്ന പ്ലാന്‍ അനുസരിച്ച് അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് കൃത്യമായ രീതിയില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാമെന്നതാണ് ഇതിന്റെ സൗകര്യം.
നേരത്തെ കളിപ്പാട്ടങ്ങളും ചക്രങ്ങളും ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ ഇങ്ങനെ നിര്‍മിക്കാറുണ്ടായിരുന്നു. 1986 മുതല്‍ ജപ്പാനില്‍ ഇതിന്റെ തുടക്കം കുറിച്ചു. പിന്നീട് വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് പ്രത്യേക തരം സിമന്റിന്റെ സഹായത്തോടെ കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന അവസ്ഥയിലേക്ക് സാങ്കേതിക വിദ്യ വളരുകയായിരുന്നു. ഇന്ത്യയിലും ചില കമ്പനികള്‍ ത്രീ ഡി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മദ്രാസ് ഐഐടിയില്‍ പഠിച്ച മലയാളിയായ ആദിത്യയുടെ നേതൃത്വത്തിലുള്ള കമ്പനി നേരത്തെ വാര്‍ത്തകളില്‍ വന്നിരുന്നു.