10 May 2024 10:18 AM GMT
Summary
- നിക്ഷേപ സൗഹാര്‍ദ അന്തരീക്ഷവും മികച്ച വിസ അനുവദിക്കലുകളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു
- 2024 ന്റെ ആദ്യ പാദത്തില്‍ ദുബായിലേക്കെത്തിയത് 5.18 ദശലക്ഷം സന്ദര്‍ശകര്‍
- ഹോട്ടല്‍ മുറികളുടെ എണ്ണത്തിലും വര്‍ധനവ്
ദുബായില്‍ ടൂറിസം മേഖല വളര്‍ച്ച പ്രാപിക്കുന്നതോടെ വന്‍ നിക്ഷേപസാധ്യതകള്‍. രാജ്യത്തേക്ക് സന്ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. നിക്ഷേപ സൗഹാര്‍ദ അന്തരീക്ഷവും മികച്ച വിസ അനുവദിക്കലുകളും വിദേശരാജ്യങ്ങളില്‍ നിന്ന് രാജ്യത്തേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിന് കാരണമാകുന്നു. സന്ദര്‍ശകത്തിരക്ക് ഏറുന്നതോടെ കൂടുതല്‍ നിക്ഷേ സാധ്യതകള്‍ ഒരുങ്ങുന്ന ഒരു മേഖലയാണ് ഹോട്ടലുകള്‍. എമിറേറ്റിലേക്കുള്ള ടൂറിസം പദ്ധതികള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണെന്ന് ടൂറിസം,എക്കോണമി വകുപ്പിലെ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് ഹൂര്‍ അല്‍ ഖാജ അഭിപ്രായപ്പെട്ടു.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ എമിറേറ്റിന്റെ ജിഡിപി ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നു. പാം ജബല്‍ അലി ഉള്‍പ്പെടെയുള്ള നഗരത്തിന്റെ വിവിധ പ്രദേശങ്ങള്‍ വികസിപ്പിക്കാന്‍ നിരവധി പദ്ധതികളുണ്ട്. സര്‍ക്കാര്‍ ഇതിന് പൂര്‍ണ പിന്തുണയേകുന്നു. റിസോര്‍ട്ടുകള്‍ക്കും ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റുകള്‍ക്കും ഹോളീഡേ ഹോമുകള്‍ക്കും വന്‍ പ്രചാരമാണ് എമിറേറ്റിലുള്ളത്. 2023 ല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയിരുന്നു. 17.15 ദശലക്ഷം അന്തര്‍ദേശീയ സന്ദര്‍ശകരാണ് ഇവിടേക്കെത്തിയത്. 2019 നെ അപേക്ഷിച്ച് 19 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 2024 ന്റെ ആദ്യ പാദത്തില്‍ 5.18 ദശലക്ഷം സന്ദര്‍ശകരാണ് ദുബായിലേക്കെത്തിയത്. ദുബായുടെ ഹോട്ടല്‍ മുറികളുടെ എണ്ണം 2024 ല്‍ രണ്ട് ശതമാനം വര്‍ദ്ധിച്ച് 150,408 എണ്ണത്തിലെത്തി. കഴിഞ്ഞ വര്‍ഷം ഹോട്ടല്‍ മുറികളുടെ എണ്ണം 147,199 ആയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹോട്ടല്‍ മുറികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുവരികയാണ്.
യുഎഇയുടെ വിവിധ വിസ പദ്ധതികളുടെ നിക്ഷേപകര്‍ക്ക് അനുകൂലമാണ്. വിസ ഓണ്‍ അറൈവല്‍,വിസ ഫ്രീ ഓപ്ഷനുകളും അവതരിപ്പിച്ചിട്ടുണ്ട്. കോവിഡിനുശേഷം റിമോര്‍ട്ട് വര്‍ക്കിംഗ് വിസ,ഗോള്‍ഡന്‍ വിസ എന്നിവയും അവതരിപ്പിച്ചിരുന്നു. പുതിയതായി ആരംഭിക്കുന്ന ഗ്രാന്‍ഡ് ടൂര്‍സ് വിസയും നിക്ഷേപകര്‍ക്ക് രാജ്യക്കേത്തെന്നതിനുള്ള വാതില്‍ തുറക്കുന്നു.