2 April 2024 4:55 PM IST
Summary
- ഹോസ്പിറ്റാലിറ്റി,റീട്ടെയ്ല്‍ മേഖലകളടക്കം വന്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നു
- ഗതാഗത സേവനങ്ങളുടെ ആവശ്യകതയില്‍ ഗണ്യമായ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു
- ജിസിസി രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് അനുഭവപ്പെടും
ഈദ് ഫിത്തര്‍ വരാനിരിക്കെ യുഎഇയില്‍ വില്‍പ്പന പൊടിപൊടിക്കുന്നു. ഈ ബിസിനസ് സീസണില്‍ ഉപഭോക്താക്കള്‍ അവശ്യസാധനങ്ങള്‍ക്കും മറ്റുമായി വന്‍തുകയാണ് ചെലവഴിക്കുന്നത്. ഹോസ്പിറ്റാലിറ്റി,റീട്ടെയ്ല്‍ മേഖലകളടക്കം വന്‍ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കാര്‍ വാടകയ്‌ക്കെടുക്കലും എഫ് ആന്‍ഡ് ബി മേഖലയും ഈദ് സീസണില്‍ വന്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നു.
ഈദ് അടുക്കുന്നതോടെ ഗതാഗത സേവനങ്ങളുടെ ആവശ്യകതയില്‍ ഗണ്യമായ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായി സെല്‍ഫ്‌ഡ്രൈവ് മൊബിലിറ്റിയുടെ സ്ഥാപകനും സിഇഒയുമായ സോഹം ഷാ പറഞ്ഞു. പ്രതിദിന അല്ലെങ്കില്‍ പ്രതിവാര ബുക്കിംഗുകളില്‍ 10 ശതമാനം വരെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജിസിസി രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ഈദ് കാലത്ത് ഉണ്ടാകാറുണ്ട്. കുടുംബാംഗങ്ങളോടും ബന്ധുക്കളോടുമൊപ്പം അവധിയാഘോഷിക്കാന്‍ യുഎഇയിലേക്ക് എത്തുന്നവര്‍ നല്ലൊരു ശതമാനവും സാധനങ്ങള്‍ വാങ്ങുക വഴി വില്‍പ്പന പൊടിപൊടിക്കും.
വിവിധ ഷോപ്പിംങ്ങ് സെന്ററുകളില്‍ ഈദിനൊട് അനുബന്ധിച്ച് വന്‍ ഓഫറുകളും പ്രഖ്യാപിക്കാറുണ്ട്. അതിനാല്‍ തന്നെ ധാരാളം പേര്‍ വിവിധ സാധനങ്ങള്‍ ഈ ഓഫറില്‍ സ്വന്തമാക്കാനും ശ്രമിക്കും. ഇത് വില്‍പ്പന വര്‍ദ്ധിക്കാന്‍ ഇടയാക്കും. അവധിക്കാലത്ത് കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും മറ്റും വാങ്ങുന്നവരും ധാരാളമുണ്ട്. ബന്ധുവീടുകളിലേക്ക് സമ്മാനപ്പൊതികളുമായി പോകുന്നവരും ധാരാളമുണ്ട്. അതിനാല്‍ തന്നെ റീട്ടെയ്ല്‍ ഷോപ്പുകളിലും വന്‍തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ടൂറിസ്റ്റ് സീസണുമായി ഒത്തുപോകുന്ന ഒരു ആഘോഷം കൂടിയാണ് ഈദ്. ഈദ് വേളയില്‍ സന്ദര്‍ശകര്‍ ഒത്തുകൂടുകയും മാള്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഭക്ഷണം കഴിക്കാനും താത്പര്യം കാണിക്കാറുണ്ട്. അതിനാല്‍ തന്നെ അത്തരത്തിലും വന്‍ കച്ചവടം ഈ കാലത്ത് നടക്കും.