3 July 2023 6:30 PM IST
Summary
- ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ
- വീഡിയോ കണ്ടത് 14 ലക്ഷത്തിലേറെആളുകൾ
- കൊടുത്ത കടങ്ങളെല്ലാം എഴുതിത്തള്ളിയെന്നു വ്യവസായി
ഹജ്ജിന്റെ മാസത്തില്‍ 'പറ്റ് ബുക്ക്' കത്തിച്ച് സൗദി വ്യവസായി. സലീം ബിന്‍ ഫദ്ഗാന്‍ അല്‍ റാഷിദിയെന്ന വ്യവസായിയാണ് തനിക്ക് പലരും തിരികെ നല്‍കാനുള്ള കടം എഴുതിവെച്ച പറ്റ് ബുക്ക് കത്തിച്ചത്. കടത്തിന്റെ കണക്കുകള്‍ എഴുതിവച്ച പുസ്തകം അദ്ദേഹം കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. ഇതെല്ലാം തനിക്ക് ലഭിക്കാനുള്ള കടങ്ങളാണെന്നും പണം തരാനുള്ളവരോട് ഈ മാസത്തിന്റെ നന്മയില്‍ താന്‍ ക്ഷമിച്ചിരിക്കുകയാണെന്നും ഓരോ പുസ്തകവും തുറസായ സ്ഥലത്ത് തീയിടുമ്പോള്‍ അദ്ദേഹം അറബിഭാഷയില്‍ പറയുന്നുണ്ട്.
14 ലക്ഷത്തിലേറെ പേരാണ് ഈ വിഡിയോ കണ്ടത്. സൗദി ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഒരു ദശലക്ഷത്തിലേറെ പേര്‍ വിഡിയോ കണ്ടു. ത്യാഗത്തിന്റെ പ്രതിഫലമാണ് ബലി പെരുന്നാളും ഈ ഹജ്ജ് മാസവുമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം താന്‍ കടം നല്‍കിയ പണമെല്ലാം എഴുതിത്തള്ളിയെന്ന് പ്രഖ്യാപിച്ചത്. മതപരമായ പ്രാധാന്യമുള്ള ഇസ്‌ലാമിക മാസമായ ദുല്‍ ഹജിന്റെ സമാപന ദിവസമാണ് അദ്ദേഹം ഈ പുണ്യപ്രവൃത്തിക്ക് തിരഞ്ഞെടുത്തത്. വളരെ കൗതുകത്തോടെയാണ് ആളുകൾ ഈ വീഡിയോ വീക്ഷിച്ചത്.