image

3 Jun 2023 4:42 PM GMT

Middle East

വ്യാപാര, വാണിജ്യമേഖലകളില്‍ കുതിപ്പുമായി അറബ് രാജ്യങ്ങള്‍

MyFin Desk

വ്യാപാര, വാണിജ്യമേഖലകളില്‍ കുതിപ്പുമായി അറബ് രാജ്യങ്ങള്‍
X

Summary

  • ആഗോള വ്യാപാരം 2030 ഓടെ 120 ട്രില്യണ്‍ ദിര്‍ഹത്തിലെത്തിയേക്കും
  • 2022 മുതല്‍ 2024 വരെ ശരാശരി 4.6 ശതമാനം ഉയര്‍ച്ച
  • സാമ്പത്തിക പരിഷ്‌കരണത്തോടൊപ്പം വൈവിധ്യവത്കരണവും ഗുണകരമായ കാര്യങ്ങൾ


യുഎഇയുടെ കയറ്റുമതി 2030 ഓടെ ഏകദേശം 2 ട്രില്യണ്‍ ദിര്‍ഹത്തിലെത്തുമെന്നും 5.5 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി യുഎഇ, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ഗവേഷണ പഠനം. യുഎഇയുടെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായി ഇന്ത്യ തുടരുമെന്നും തുര്‍ക്കി, വിയറ്റ്‌നാം, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള വ്യാപാര വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ യുഎഇക്ക് കഴിയുന്നുണ്ട്. 'വ്യാപാരത്തിന്റെ ഭാവി: ഉയര്‍ന്ന വളര്‍ച്ചാ ഇടനാഴികളിലെ പുതിയ അവസരങ്ങള്‍' എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട്.

ആഗോള വ്യാപാരം 2030 ഓടെ 120 ട്രില്യണ്‍ ദിര്‍ഹത്തിലെത്തിയേക്കും. അഞ്ച് ശതമാനം വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ യുഎഇയുടെ സാമ്പത്തിക വളര്‍ച്ച ശക്തമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായുള്ള അറബ് മോണിറ്ററി ഫണ്ടിന്റെ (എഎംഎഫ്) റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.

2022 മുതല്‍ 2024 വരെ ശരാശരി 4.6 ശതമാനം ഉയര്‍ച്ചയാണ് കാണിക്കുന്നത്. ഉയര്‍ന്ന എണ്ണ വിലയും മെച്ചപ്പെട്ട ബിസിനസ് അവസരങ്ങളും കാരണമാണ് ഈ പ്രതീക്ഷയെന്നും വിലയിരുത്തപ്പെടുന്നു. എഎംഎഫിന്റെ 'അറബ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് പ്രകാരം 2023 ല്‍ യുഎഇക്ക് 4.2 ശതമാനം വളര്‍ച്ചാ നിരക്കാണ് പ്രവചിക്കുന്നത്. ഒപ്പം ഉപഭോക്തൃ വില സൂചിക 2023 ല്‍ 2.9 ശതമാനമായും 2024 ല്‍ 2.57 ശതമാനമായും കുറയുമെന്നും പറയുന്നുണ്ട്.

സുസ്ഥിരമായ എണ്ണ, വാതക വില, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ പോലുള്ള അടിസ്ഥാന വസ്തുക്കള്‍ക്ക് കുറഞ്ഞ വില എന്നിവയാലാണ് അറബ് സമ്പദ് വ്യവസ്ഥയിൽ 3.4 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതില്‍ പ്രധാന കാരണം. പണപ്പെരുപ്പം തടയുന്നതിനുള്ള കര്‍ശനമായ നടപടികളും ഈ വളര്‍ച്ചയെ സഹായിക്കുകയാണ്.

സാമ്പത്തിക പരിഷ്‌കരണത്തോടൊപ്പം വൈവിധ്യവത്കരണവും ഗുണകരമായ കാര്യങ്ങളായി എടുത്തു പറയുന്നുണ്ട്. ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും സ്വകാര്യമേഖലയെ ശാക്തീകരിക്കാനുമുള്ള അറബ് രാജ്യങ്ങളുടെ ശ്രദ്ധ പുരോഗതിയിലേക്ക് അവരെ നയിക്കുകയാണ്. അതിര്‍ത്തി കടന്നുള്ള വ്യാപാരം സുഗമമാക്കുന്നതിനുള്ള ശ്രമം അറബ് മേഖലയില്‍ ഇപ്പോള്‍ സജീവമാണെന്നതും സാമ്പത്തിക-വ്യാപാര രംഗങ്ങളെ ശക്തിപ്പെടുത്തും.

പുതിയ വ്യാപാര ഇടനാഴികളുടെ വികസനത്തോടൊപ്പം കയറ്റുമതി വൈവിധ്യവല്‍ക്കരിക്കുന്നതിലെ യുഎഇയുടെ വിജയം സുസ്ഥിര വളര്‍ച്ചയ്ക്ക് രാജ്യത്തെ അനുകൂലമാക്കുകയാണെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് യുഎഇ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റോള അബു മന്ന പറഞ്ഞു.