6 May 2024 11:41 AM GMT
അല്‍ മക്തൂം വിമാനത്താവള നവീകരണം:ദുബായ് സൗത്തില്‍ റിയല്‍ എസ്‌റ്റേറ്റ് ഡിമാന്റില്‍ വര്‍ധന
MyFin Desk
Summary
- വിമാനത്താവള പദ്ധതിയ്ക്ക് ചെലവ് 128 ബില്യണ്‍ ദിര്‍ഹം
- പദ്ധതി പൂര്‍ത്തിയാകുന്നതോടെ യാത്രക്കാരുടെ എണ്ണം 260 ദശലക്ഷം ആകും
- റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ നിക്ഷേപ പദ്ധതികള്‍
അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിപുലീകരണം ദുബായ് സൗത്തിലെ റിയല്‍ എസ്റ്റേറ്റ് ഡിമാന്റ് വര്‍ദ്ധിപ്പിക്കും. 128 ബില്യണ്‍ ദിര്‍ഹം ചെലവ് വരുന്ന പുതിയ പദ്ധതി ഭാവിയേക്കുള്ള മേഖലയുടെ സാമ്പത്തിക കുതിപ്പിന് ആക്കം കൂട്ടുമെന്നുംവിലയിരുത്തല്‍. ഈ മേഖലയില്‍ ദീര്‍ഘകാലത്തേക്ക് എല്ലാത്തരം റിയല്‍ എസ്റ്റേറ്റ് ഡിമാന്റും വര്‍ദ്ധിക്കും. വിമാനത്താവള പദ്ധതി നടപ്പാക്കുന്നതോടെ ദുബായ് സമ്പദ് വ്യവസ്ഥയില്‍ നല്ല സ്വാധീനം ചെലുത്തുമെന്നും റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാണ മേഖലകളെ ഉത്തേജിപ്പിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണം 260 ദശലക്ഷം ആകും.
മേഖലയിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലാകും കൂടുതല്‍ മാറ്റമുണ്ടാകുക. പ്രവാസികള്‍ക്കും യാത്രക്കാര്‍ക്കും പാര്‍പ്പിട,താമസ സേവനങ്ങള്‍ നല്‍കുന്നതിന് വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശനിക്ഷേപങ്ങള്‍ ആകര്‍ഷകമാക്കാന്‍ വേണ്ട പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. ആകര്‍ഷകമായ വിലകള്‍ ഉപഭോക്താക്കള്‍ക്ക് അനുവദിക്കുന്നതോടെ കൂടുതല്‍ പേര്‍ ഈ മേഖലയിലേക്ക് കടന്നുവരും. റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍,ടൗണ്‍ ഹൗസുകള്‍,വില്ലകള്‍ എന്നിവയുടെ റിയല്‍ എസ്റ്റേറ്റ് വില്‍പന ഉത്തേജിപ്പിക്കുന്നതിന് വിമാനത്താവള പദ്ധതി വലിയ സംഭാവന നല്‍കുന്നു. ദുബായ് സൗത്ത് മേഖലയില്‍ ബിസിനസുകള്‍ ആരംഭിക്കുന്നതിന് ഗതാഗത സേവനങ്ങളും സഹായകമാണ്.
ദുബായിലെ ഏറ്റവും വലിയ നഗര റിയല്‍ എസ്റ്റേറ്റ് വികസന പദ്ധതിയാണ് ദുബായ് സൗത്ത്. വ്യത്യസ്ത ജീവിതശൈലിയ്ക്ക് അനുയോജ്യമായ വീടുകളും പാര്‍പ്പിട അപ്പാര്‍ട്ട്‌മെന്റുകളും, ബിസിനസിനും ജീവിതത്തിനും അനുകൂലമായ അന്തരീക്ഷം നല്‍കുന്ന ഒരു ഫ്രീ സോണും പദ്ധതിയില്‍ ഉള്‍പ്പെടും. അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് പ്രോപ്പര്‍ട്ടി വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണം. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് സാധ്യതയുള്ളതിനാല്‍ അവസരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.