4 May 2024 6:30 AM GMT
Summary
- മെയ് 1 മുതലാണ് സര്‍വീസ് ആരംഭിച്ചത്
- അഞ്ച് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ദുബായിലേക്ക് ആഴ്ചയില്‍ എയര്‍ ഇന്ത്യയുടെ 72 വിമാനസര്‍വീസുകള്‍
- 300-350 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ദീര്‍ഘദൂര യാത്രാവിമാനമാണ് എയര്‍ബസ് എ350
എയര്‍ഇന്ത്യ ഡല്‍ഹി-ദുബായ് റൂട്ടില്‍ എയര്‍ബസ് എ 350 സര്‍വീസ് ആരംഭിച്ചു. മെയ് 1 മുതലാണ് സര്‍വീസ് ആരംഭിച്ചതെന്ന് എയര്‍ലൈന്‍ അറിയിച്ചു. ഇന്ത്യയ്ക്കും ദുബായ്ക്കുമിടയില്‍ എ350 വിമാന സര്‍വീസ് നടത്തുന്ന ഏക കാരിയറായി എയര്‍ ഇന്ത്യ മാറി.
2022 ല്‍ ടാറ്റ് ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ഇന്ത്യ നിലവില്‍ അഞ്ച് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ദുബായിലേക്ക് ആഴ്ചയില്‍ 71 വിമാന സര്‍വീസുകള്‍ നടത്തിവരുന്നു. അതില്‍ 32 എണ്ണവും ഡല്‍ഹിയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം 70 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 250 എയര്‍ബസ് വിമാനങ്ങള്‍ക്കും 220 പുതിയ ബോയിംഗ് ജെറ്റുകള്‍ക്കുമുള്ള ഓര്‍ഡര്‍ എയര്‍ഇന്ത്യ നല്‍കിയിരുന്നു. എയര്‍ ഇന്ത്യയുടെ ഫ്‌ളീറ്റ് നവീകരിക്കുന്നതിനും സേവനം മെച്ചപ്പെടുത്തുന്നതിനും നഷ്ടപ്പെട്ട വിപണി വിഹിതം വീണ്ടെടുക്കുന്നതിനുമായി ആഭ്യന്തര,അന്തര്‍ദേശീയ ശൃംഖല വിപുലീകരിക്കുന്നതിനുമായി കോടിക്കണക്കിന് ഡോളറാണ് ടാറ്റ നിക്ഷേപിക്കുന്നത്.
മൂന്ന് ക്ലാസ് സജ്ജീകരണങ്ങളുള്ള 300-350 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ദീര്‍ഘദൂര യാത്രാവിമാനമാണ് എയര്‍ബസ് എ350-900. 28 സ്വകാര്യ സ്യൂട്ടുകളും ഫുള്‍ ഫ്‌ളാറ്റ് ബെഡുകളും 24 സീറ്റുകളും , ഒരു പ്രത്യേക പ്രീമിയം ഇക്കണോമി ക്യാബിനില്‍ അധിക ലെഗ്‌റൂമും എ 350 വാഗ്ദാനം ചെയ്യുന്നു.
എ 350 യിലെ എല്ലാ സീറ്റുകളിലും പാനസോണിക് eX3 ഇന്‍ഫ്‌ളൈറ്റ് എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റവും 2200 മണിക്കൂറിലധികം വിനോദ ഉള്ളടക്കം നല്‍കുന്ന എച്ച്ഡി സ്‌ക്രീനുകളുമുണ്ട്. എയര്‍ ഇന്ത്യ ഈ വര്‍ഷം ആദ്യമാണ് എ350 വിമാനങ്ങളുടെ സര്‍വീസ് ആരംഭിച്ചത്. ക്രൂവിന് പരിചിതമാകുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യയ്ക്കകത്താണ് ഇതുവരെ വിമാന സര്‍വീസ് നടത്തിയിരുന്നത്.