9 May 2024 5:49 AM
Summary
- അലവന്‍സ് കൂട്ടി നല്‍കണമെന്ന ആവശ്യവുമായി ക്യാബിന്‍ ക്രൂ
- റദ്ദാക്കിയത് എണ്‍പതിലേറെ വിമാനങ്ങള്‍
- യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കുമെന്ന് എയര്‍ ഇന്ത്യ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബിന്‍ ക്രൂ പണിമുടക്കി;സര്‍വീസുകള്‍ മുടങ്ങി
നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യയുടെ തിരിച്ചടി. എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും മുടങ്ങി. നാട്ടിലേക്ക് തിരിക്കാനിരുന്ന യാത്രക്കാര്‍ ദുരിതത്തിലായി. വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ പ്രതിഷേധിച്ച് മടങ്ങിപ്പോയി. ക്യാബിന്‍ ക്രൂ അംഗങ്ങള്‍ അപ്രതീക്ഷിതമായി നടത്തിയ പണിമുടക്കിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തേണ്ടിവന്നത്. അലവന്‍സ് കൂട്ടി നല്‍കണമെന്നതാണ് ഇവരുടെ ആവശ്യം. എണ്‍പതിലേറെ വിമാനങ്ങളാണ് റദ്ദാക്കിയത്.
ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള രണ്ട് സര്‍വീസുകളും തിരുച്ചിറപ്പള്ളി,അമൃത്സര്‍ എന്നിവിടങ്ങളിലേക്കുള്ള ഓരോ സര്‍വീസുകളും റദ്ദാക്കി. മുപ്പതോളം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ദിവസേന സര്‍വീസ് നടത്തുന്നത്. ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കും കണ്ണൂരിലേക്കും റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള രണ്ട് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്കും ഹൈദരാബാദിലേക്കും മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരം,കൊച്ചി,കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുമുള്ള സര്‍വീസുകളും മുടങ്ങി. ഇന്ത്യയില്‍ നിന്നെത്തുന്ന എയര്‍ ഇന്ത്യാ വിമാനങ്ങളാണ് തിരിച്ച് സര്‍വീസ് നടത്തുന്നത്. അതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ചാലേ ഗള്‍ഫ് രാജ്യങ്ങളിലെ സര്‍വീസുകളും സാധാരണനിലയിലാകൂ.
റദ്ദാക്കിയ ഫ്‌ളൈറ്റിലെ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് അല്ലെങ്കില്‍ മറ്റൊരു തീയതിയിലേക്ക് കോംപ്ലിമെന്ററി റീഷെഡ്യൂളിങ്ങ് വാഗ്ദാനം ചെയ്യുന്നതായി എയര്‍ ഇന്ത്യാ വക്താവ് അറിയിച്ചു. വിമാനങ്ങള്‍ റദ്ദാക്കപ്പെട്ട യാത്രക്കാര്‍ക്ക് റീഫണ്ട് പ്രോസസ് ചെയ്യുന്നതിനുള്ള ലിങ്ക് സഹിതം സന്ദേശം അയച്ചിട്ടുണ്ട്. നിലവില്‍ ലിങ്ക് പ്രവര്‍ത്തനക്ഷമമല്ലെന്ന് പരാതി ഉയരുന്നുണ്ട്. നേരത്തെ യാത്രകള്‍ ബുക്ക് ചെയ്തിരുന്നവര്‍ വിമാനത്താവളങ്ങളിലെത്തും മുമ്പ് വിമാനം റദ്ദാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.