1 Jun 2023 3:59 PM GMT
Summary
- കൊവിഡ് കാലത്തിന് ശേഷം ആരോഗ്യ മേഖലയില്‍ വീണ്ടും ശക്തമായ നിക്ഷേപങ്ങള്‍
- മറ്റ് ജി.സി.സി രാജ്യങ്ങളെ അപേക്ഷിച്ച് നഴ്‌സുമാരുടെ എണ്ണത്തില്‍ യു.എ.ഇ ഒന്നാമത്
- ജീവിതശൈലീ രോഗികളുടെ എണ്ണത്തിലെ വര്‍ധന, മെഡിക്കല്‍ ടൂറിസം തുടങ്ങിയവയിലെ വർദ്ധനവ്
തൊഴിലന്വേഷിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായി യുഎഇ. 2030ഓടെ യുഎഇ ആരോഗ്യ മേഖലയില്‍ 33,000 തൊഴിലവസരം കൂടി രൂപപ്പെടുമെന്നാണ് പുതിയ വാര്‍ത്ത. കൊളിയേഴ്‌സ് ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് എഡുക്കേഷന്‍ പുറത്തിറങ്ങിയ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ജീവിതശൈലീ രോഗികളുടെ എണ്ണത്തിലെ വര്‍ധന, മെഡിക്കല്‍ ടൂറിസം തുടങ്ങി വിവിധ വിഷയങ്ങള്‍ മെഡിക്കല്‍ രംഗത്തെ ജോലിക്കാരുടെ ആവശ്യകത വര്‍ധിപ്പിക്കുന്നതായാണ് വിലയിരുത്തല്‍. തലസ്ഥാനമായ അബൂദബിയില്‍ മാത്രം 11,000 നഴ്‌സുമാരുടെയും 5,000 പ്രൊഫഷനലുകളുടെയും ആവശ്യകത ഉണ്ടാകും. ദുബൈയില്‍ 6,000 ഫിസിഷ്യന്‍മാരുടെയും 11,000 നഴ്‌സുമാരുടെയും ഒഴിവുകള്‍ ഉണ്ടാകും. നഴ്‌സുമാര്‍ക്കാണ് നിലവില്‍ കൂടുതല്‍ ഡിമാന്റുള്ളത്.
കൊവിഡ് കാലത്തിന് ശേഷം ആരോഗ്യ മേഖലയില്‍ വീണ്ടും ശക്തമായ നിക്ഷേപങ്ങള്‍ വന്നു കൊണ്ടിരിക്കയാണ്. ആധുനിക സാങ്കേതിക വിദ്യയും പുതിയ ജോലി സാധ്യതകള്‍ ഈ മേഖലയില്‍ ഉണ്ടാക്കുന്നുണ്ട്. യു.എ.ഇയിലെ 157 ആശുപത്രികളില്‍ 104 എണ്ണവും സ്വകാര്യ മേഖലയിലാണ്. ആശുപത്രികളില്‍ ആകെയുള്ള 18,000 ബെഡുകളില്‍ 8356 എണ്ണവും സ്വകാര്യ ആശുപത്രിയിലാണ്. 26,736 ഫിസിഷ്യന്‍മാരാണ് യുഎഇയിലുള്ളത്. ഇതില്‍ 10,376 പേര്‍ ദുബൈയിലും 10141 പേര്‍ അബൂദബിയിലും 5358 പേര്‍ വടക്കന്‍ എമിറേറ്റുകളിലുമാണ് ജോലി ചെയ്യുന്നത്. മറ്റ് ജി.സി.സി രാജ്യങ്ങളെ അപേക്ഷിച്ച് നഴ്‌സുമാരുടെ എണ്ണത്തില്‍ യു.എ.ഇ ഒന്നാമതാണ്.
വിസാ കാലാവധി രണ്ടു വര്‍ഷം എന്നതില്‍ നിന്നും മൂന്നിലേക്ക് മാറ്റാനുള്ള നടപടികള്‍ യുഎഇയില്‍ ഈയിടെ ആരംഭിച്ചതും കൂടുതല്‍ തൊഴിലാളികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കാന്‍ സാധ്യത നല്‍കുകയാണ്.