24 May 2023 9:30 AM GMT
യു.എ.ഇയിലെ എക്‌സ്‌ചേഞ്ചുകളില്‍ 2000 നോട്ട് സ്വീകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്
MyFin Desk
Summary
- നോട്ടുകള്‍ ഇന്ത്യയില്‍ തന്നെ മാറണമെന്നു അധികൃതർ
- ആകെ പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളുടെ മൂല്യത്തില്‍ 10.8 ശതമാനം മാത്രം
- സാധാരണ ഇടപാടുകള്‍ക്ക് 2000 രൂപ ഉപയോഗിക്കുന്നത് വളരെ കുറവ്
ദുബൈ: യു.എ.ഇയിലെ മണി എക്‌സ്‌ചേഞ്ചുകളില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ രണ്ടായിരം രൂപാ നോട്ട് സ്വീകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഇതോടെ നിരവധി വിനോദസഞ്ചാരികള്‍ പ്രയാസത്തിലായി. നിരവധി പേര്‍ ഇക്കാര്യം പറഞ്ഞതായി പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നോട്ടുകള്‍ ഇന്ത്യയില്‍ തന്നെ മാറണമെന്നാണ് എക്‌സ്‌ചേഞ്ചുകള്‍ പറയുന്നതെന്ന് ഒരു യാത്രക്കാരന്‍ പറഞ്ഞു.
അതിനിടെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്നും സമ്മിശ്ര അഭിപ്രായങ്ങള്‍ പുറത്തുവരുന്നുണ്ട്. നോട്ട് നിരോധനത്തിലൂടെ 2016 നവംബര്‍ എട്ടിന്റെ പ്രേതം വീണ്ടും രാജ്യത്തെ വേട്ടയാടാന്‍ തിരിച്ചെത്തിയിരിക്കുന്നതായി എ.ഐ.സി.സി മീഡിയ വിഭാഗം മേധാവി പവന്‍ ഖേര ആരോപിച്ചിരുന്നു.
കള്ളപ്പണം തടയാന്‍ 2000 രൂപ നോട്ടില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന വാദത്തെയും അദ്ദേഹം പരിഹസിച്ചു. ലോകംനേരിടുന്ന ചിപ്പ് ക്ഷാമം 2000 രൂപ നിരോധനത്തിന് കാരണമായി പറയില്ലെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു പവന്‍ ഖേരയുടെ പരിഹാസം. പുതിയ 2000 രൂപ നോട്ട് പുറത്തിറക്കിയപ്പോള്‍ അതിന്റെ ഗുണഗണങ്ങളെ കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ ബോധവത്കരിച്ചിരുന്നു. ഇന്ന് അച്ചടി നിര്‍ത്തിയപ്പോള്‍ ആ വാഗ്ദാനങ്ങള്‍ക്കെല്ലാം എന്ത് സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു.
2000 രൂപ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് ഈയിടെയാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. നിലവില്‍ വിനിമയത്തിലുള്ള നോട്ടുകളുടെ നിയമസാധുത തുടരും. മറ്റ് മൂല്യങ്ങളിലുള്ള കറന്‍സി നോട്ടുകള്‍ വിനിമയത്തില്‍ ആവശ്യമായ തോതില്‍ ലഭ്യമായതോടെയാണ് 2000 നോട്ട് പിന്‍വലിക്കുന്നതെന്ന് ആര്‍.ബി.ഐ പറയുന്നുണ്ട്. 2023 സെപ്റ്റംബര്‍ 30 വരെ 2000 നോട്ടുകള്‍ മാറ്റാന്‍ സമയം നല്‍കിയിട്ടുണ്ട്. 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ 2000 രൂപ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചിരുന്നു.
മാര്‍ച്ച് 31ലെ കണക്ക് പ്രകാരം ആകെ പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളുടെ മൂല്യത്തില്‍ 10.8 ശതമാനം മാത്രമേ 2000 രൂപ നോട്ടുകള്‍ ഉള്ളൂ. സാധാരണ ഇടപാടുകള്‍ക്ക് 2000 രൂപ ഉപയോഗിക്കുന്നത് വളരെ കുറവാണെന്നും ആര്‍.ബി.ഐ നിരീക്ഷിക്കുന്നു. നിലവിലുള്ള 2000 നോട്ടുകളില്‍ 89 ശതമാനവും 2017 മാര്‍ച്ചിന് മുമ്പ് അച്ചടിച്ചതാണ്. നാല് മുതല്‍ അഞ്ച് വര്‍ഷം വരെയാണ് നോട്ടുകളുടെ കാലാവധി നിശ്ചയിച്ചതെന്നും ഇത് പൂര്‍ത്തിയായതാണ് പിന്‍വലിക്കാനുള്ള ഒരു കാരണമെന്നും ആര്‍.ബി.ഐ പറയുന്നുണ്ട്.
2016 നവംബര്‍ എട്ടിന് 500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയിരുന്നു. അന്ന് രാത്രി 8.15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭായോഗത്തിനു ശേഷം രാജ്യത്തെ ടെലിവിഷന്‍ വഴിയാണ് നോട്ടുനിരോധനം പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെയാണ് 2,000 രൂപയുടെയും 500 രൂപയുടെയും പുതിയനോട്ടുകള്‍ രാജ്യത്ത് പുറത്തിറക്കിയത്. കള്ളനോട്ടിന്റെയും കള്ളപ്പണത്തിന്റെയും ഉപയോഗം ഇല്ലാതാവുമെന്നും അഴിമതി കുറയുമെന്നും അവകാശപ്പെട്ടായിരുന്നു നോട്ടുനിരോധനം.